Monday, August 10, 2020

Malayalam Love Story പ്രിയതമയുടെ പൂചെണ്ട്

പ്രിയതമയുടെ പൂചെണ്ട്

  __________________


Malayalam Love Story പ്രിയതമയുടെ പൂചെണ്ട്


അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിനു വീണ്ടും പ്രിയയെ കണ്ടുമുട്ടുന്നത്..

ദൂരെ നിന്നും അവളെ കണ്ടപ്പോഴെ വിനു പ്രിയക്കരികിലേക്കോടിയെത്തി ,ആദ്യമവളൊന്ന് ഞെട്ടിയെങ്കിലും പുഞ്ചിരിച്ചുകൊണ്ട് പ്രിയ അവന് മുമ്പില്‍ നിന്നു.

"നീയെന്താ വിനു ഇവിടെ.."

"ഞാന്‍ നിന്നെ തേടി വന്നതാ പ്രിയാ"

പിന്നീട് ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ ദീര്‍ഘനേരത്തെ നിശബ്ദത അവര്‍ക്കിടയില്‍ തളംകെട്ടി നിന്നു..

"നമുക്കൊന്ന് നടന്നാലോ.."

"അതിനെന്താ വിനൂ വരൂ.."

വിനുവും പ്രിയയും ഒന്നും മിണ്ടാതെ വിജനതയിലൂടെ മുമ്പോട്ട് നീങ്ങുമ്പോള്‍ അവരുടെ രണ്ട് പേരുടെയും ഹ്ര്ദയം ഒരുപോലെ മിടിക്കുന്നുണ്ടായിരുന്നോ..?

ഒരുകാലത്ത് ഒരുമിച്ച് രചിച്ച പ്രണയഗീതങ്ങള്‍ ഇന്ന് രണ്ട് ധ്രുവങ്ങള്‍ക്കപ്പുറമെവിടെയോ ആരും കേള്‍ക്കാതെ തേങ്ങുന്നുണ്ടാവാം..

"പ്രിയാ... നീ ഓര്‍ക്കുന്നുണ്ടോ.. അന്ന് ഞാന്‍ നിന്‍റെ കഴുത്തില്‍ താലിചാര്‍ത്തിയപ്പോള്‍  ആദ്യമായ് നീയെനിക്ക് നല്‍കിയ സമ്മാനം.."

മൌനത്തെ ഭേതിച്ചുകൊണ്ട് വിനു  സംസാരത്തിന് തുടക്കമിട്ടു,

"വിനൂ..ഈ കുഞ്ഞു പനിനീര്‍ക്കൊമ്പാണ് എന്‍റെ പ്രണയസമ്മാനം. ഇത് ഈ വീട്ടുമുറ്റത്ത് തളിര്‍ത്ത് വളരണം അതില് വിരിയുന്ന പനിനീര്‍പുഷ്പങ്ങള്‍കൊണ്ടായിരിക്കണം നീ എന്‍റെ കല്ലറക്ക് മുകളില്‍ ഓരോ ദിവസവും പൂ ചെണ്ടുകള്‍ വെക്കേണ്ടത്"

പ്രിയ മിഴികള്‍ തുടച്ച് അവനെ നോക്കി ചെറുതായൊന്ന് ചിരിച്ചു..

"ഇന്ന് അവ ഒരുപാട് തളിര്‍ത്തിരിക്കുന്നു പ്രിയാ.. പക്ഷെ കൂട്ടിന് നീ ഇല്ലെന്ന് മാത്രം"

"ഇനിയും നീ എന്നെ ഓര്‍ത്ത് ജീവിതം നശിപ്പിക്കരുത്...മറ്റൊരു വിവാഹം കഴിക്കണം "

"ഇല്ല പ്രിയ ഒരിക്കലുമില്ല മരണം വരെ  എന്‍റെ കൂട്ടിന് നീ നല്‍കിയ ഓര്‍മകളും ആ കുഞ്ഞു പനിനീര്‍ പുഷ്പങ്ങളുമുണ്ട്.

നിന്നെയൊന്ന് ചുംമ്പിക്കണമെന്ന് തോന്നുമ്പോള്‍,.ആ പൂക്കളില്‍ ഞാന്‍ പതിയെ ചുണ്ടമര്‍ത്തും

പരിഭവങ്ങളും കണ്ണീരും ദുഃഖവും അവകള്‍ക്ക് കീഴെ ഞാന്‍ മറ ചെയ്യും

അങ്ങനെ എല്ലാം എല്ലാം എനിക്ക് നീ തന്ന ആ പ്രിയപ്പെട്ട സമ്മാനമാണ് പ്രിയേ..ഇന്ന് ആകെയുള്ളത്"

വിനുവിന്‍റെ കണ്ഠമിടറി ..അവന്‍ വാക്കുകള്‍ക്ക് വേണ്ടി പരതി..

വിനുവും പ്രിയയും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. പ്രിയയുടെ വീട്ടുകാര്‍ക്ക് വിനുവുമായുള്ള ബന്ധത്തില്‍ ഒട്ടും താല്‍പര്യമില്ലാത്തത് കാരണം പണവും സ്വത്തും എല്ലാം ഇട്ടെറിഞ്ഞ് അവള്‍ വിനുവിനൊപ്പം ഇറങ്ങി വന്നു.

പക്ഷെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടുതുടങ്ങിയപ്പോഴാണ് പ്രിയക്ക് മനസിലായത് പ്രണയമെന്ന ലഹരിയായിരുന്നില്ല ജീവിതമെന്ന്.

ആര്‍ഭാട ജീവിതം നയിച്ചിരുന്ന പ്രിയക്ക് ആ നാലുമുറിയുള്ള കൊച്ചുവീടിനെയും വയസ്സായ വിനുവിന്‍റെ അമ്മയെയും അസഹ്യമായി മാറി..

അവളുടെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞിട്ടുപോലും വിനു പ്രിയയെ നെഞ്ചോട് ചേര്‍ത്ത് പ്രണയിക്കുകയായിരുന്നു.

ഒരുകാലത്ത് അവന്‍റെ സ്നേഹാത്മാവിലാഴ്ന്നിറങ്ങിയവള്‍ ഇന്ന് പല കുറ്റങ്ങളും അവന്‍റെ മേല്‍ കുടഞ്ഞിട്ട് പതിയെ പതിയെ അകലം പാലിച്ചു തുടങ്ങി...

അവളുടെ സ്നേഹ സാമീപ്യമില്ലാതെ അവന്‍ വീര്‍പ്പ്മുട്ടി...

പിന്നീടെപ്പഴോ കാരണങ്ങളുണ്ടാക്കി വിനുവിനെ ഉപേക്ഷിച്ച് വീട്ടുകാരുടെ അരികിലേക്കവള്‍ തിരിച്ചുപോയത് മുതല്‍ വിനുവിന്‍റെ ലോകം ശൂന്യമായിരുന്നു..

"പ്രിയാ.. നീ ഇല്ലാത്ത ഒരോ രാവും ഞാന്‍ തള്ളി നീക്കിയതെങ്ങനെയായിരിക്കുമെന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..."

പ്രിയ അവന്‍റെ കണ്ണുകളിലേക്ക് നോക്കി.. 

ഞാന്‍ കൂടെയുള്ളപ്പോള്‍ അവനെന്ത് മാത്രം സന്തോഷിക്കുന്നു.!

ഇത്രമേല്‍ ആഴമേറിയ അവന്‍റെ പ്രണയത്തെയാണല്ലോ അന്ന് ഇട്ടെറിഞ്ഞ് അവന്‍റെ ഹ്യദയത്തില്‍ നിന്നും ഞാന്‍ പടിയിറങ്ങിയത്..

ഇന്ന് തന്നെകുറിച്ച് അവനെന്താണ് ധരിച്ച് വെച്ചിരിക്കുന്നത്.?

ഞാന്‍ അവനെ മറന്നുകൊണ്ട് സുഖമായി ജീവിക്കുന്നെന്നോ..?

എല്ലാം എന്‍റെ മാത്രം തെറ്റാണ് പണമില്ലാത്ത ജീവിതം ദുസ്സഹനമായിരിക്കുമെന്ന് ചിന്തിച്ച എന്‍റെ മനസിന്‍റെ പിഴവ്..!

ഇനിയൊരിക്കലും തിരുത്തിയെഴുതാന്‍ കഴിയാത്ത പിഴവ്..!

പണംകൊണ്ട് എന്ത് നേടാമെന്ന വ്യമോഹം തെറ്റായിരുന്നെന്ന് പിന്നീടുള്ള തന്‍റെ ജീവിതം വരച്ചുകാട്ടുകയായിരുന്നു..

ബിസ്സിനസ്സുകാരനായ സുമുഖനും സുന്ദരനുമായ ഭര്‍ത്താവ്.. സ്വത്ത്, ഫ്ലാറ്റ് അങ്ങനെയെല്ലാംകൊണ്ടും ആര്‍ഭാടപൂര്‍ണ്ണമായ ജീവിതം..

പക്ഷെ, പിന്നീടാണ് ഞാന്‍ മനസിലാക്കിയത് ഞങ്ങളുടെ ജീവിതത്തിനിടയില്‍ സ്നേഹം മാത്രമുണ്ടായിരുന്നില്ലെന്ന്..

താന്‍ കിടപ്പറയിലെ യന്ത്രം മാത്രമാണോയെന്ന് വരെ ചിന്തിച്ച് പോവാറുണ്ട്..പൂര്‍ണതയിലെത്താന്‍ കഴിയാതെ വീര്‍പ്പ് മുട്ടിയ ജീവിതം...

വിനു തന്‍റെ ജീവിതത്തെ എത്രമാത്രം സാധ്വീനിച്ചിരുന്നെന്ന് കാലം മനസിലാക്കി തന്ന നിമിഷങ്ങളായിരുന്നു......

"ഇനിയെങ്കിലും എല്ലാം ഉപേക്ഷിച്ച് എന്‍റെ കൂടെ വന്നൂടെ"  എന്ന ചോദ്യം കേട്ടായിരുന്നു അവള്‍ ചിന്തകളില്‍ നിന്നും തിരികെ വന്നത്..

"ഇല്ല വിനൂ .. ഞാന്‍ ചെയ്ത തെറ്റിന് ഞാന്‍ അനുഭവിച്ചേ തീരൂ..അതെന്‍റെ മാത്രം വിധിയാണ്.."

വേനല്‍ കാറ്റില്‍ പാറിപറക്കുന്ന മുടി ഒതുക്കി നിര്‍ത്തി,  യാത്ര ചോദിച്ച് പോവാനൊരുങ്ങിയ അവളുടെ മുമ്പില്‍ മുട്ടു കുത്തിക്കൊണ്ട് വിനു അപേക്ഷയോടെ പറഞ്ഞു..

"ഒരിക്കല്‍ കൂടി .. ഒരിക്കല്‍ കൂടി മാത്രം  അല്‍പ നിമിഷ നേരത്തേക്കെങ്കിലും നീ എന്‍റെ കൂടെ വരണം പ്രി പ്ലീസ്"

അവന്‍ പറഞ്ഞത് കേട്ട്  അവള്‍ തെല്ലൊന്ന് പതറിയെങ്കിലും അവനോടുള്ള പ്രണയം മനസിലെവിടെയോ അഗാധമായി പതിഞ്ഞത് കാരണം മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല..

അവര്‍ രണ്ട്പേരും അകന്നുപോയ പ്രണയത്തിന്‍റെ തുരുത്തില്‍ ഒരിക്കല്‍കൂടി ഇണപ്രാവുകളായ് പറന്നു നടന്നു...

ഒരുമിച്ചുനടന്ന വഴിയോരവും , മരചുവടുകളും ഒരിക്കല്‍ കൂടി തീവ്രപ്രണയത്തിന്‍റെ സാക്ഷികളായി മാറി..

അവസാനം പ്രാണവേദനയോടെ ഇരുഹ്യദയങ്ങളും യാത്ര പറഞ്ഞ് പിരയുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാന്‍ മറന്നില്ല..

ബസ്സിലിരുന്ന് മിഴിതുടച്ചുകൊണ്ട് രാവിലെ വാങ്ങിയ പത്രം നിവര്‍ത്തി വാഴിക്കാന്‍ തുനിയവെയാണ് ആ വാര്‍ത്ത അവളുടെ കണ്ണിലുടക്കിയത്..

 നടുക്കത്തോടുകൂടി ഒരു നോക്ക് മാത്രമേ അവള്‍ക്കതിലേക്ക് നോക്കാന്‍ സാധിച്ചിരുന്നുള്ളൂ..

പത്രം നിലത്തിട്ട് ഒരു ഭ്രാന്തിയെപ്പോലെ അവളോടി..

ഒരുനേര്‍ത്ത തേങ്ങലോടെ വിനുവിന്‍റെ വീട്ടുമുറ്റത്തെത്തിയതും

അലറിക്കരഞ്ഞുകൊണ്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ പ്രിയ ഓടി വീട്ടിനുള്ളിലേക്ക് കയറിയപ്പോള്‍ കണ്ടത് തന്‍റെ പ്രാണനേക്കാള്‍ തന്നെ ജീവനേക്കാള്‍ സ്നേഹിച്ച വിനു വെള്ളതുണിയില്‍ നിശ്ചലമായി പുഞ്ചിരിച്ചു കിടക്കുന്ന വിനുവിനെയാണ്..

അവന്‍റെ തൊട്ടരികില്‍ അലമുറയിട്ട് കരഞ്ഞുകൊണ്ട് അമ്മ ഇരിക്കുന്നു..

"ഭ്രാന്തായിരുന്നു..ഒടുവില്‍ ഇങ്ങനെയൊരു കടുംകയ്യ് ചെയ്യുമെന്നാരറിഞ്ഞു. എല്ലാം ആ പെണ്ണിനെ പറഞ്ഞാ മതി..എന്നിട്ട് കരഞ്ഞുകൊണ്ട് വന്നേക്കുന്നത് കണ്ടില്ലേ.ഇത്രയും കാലം എവിടാര്‍ന്നു"

ആള്‍കൂട്ടത്തില്‍ നിന്നും ആരോ ഒരാള്‍ ഈര്‍ശ്യതയോടെ പറഞ്ഞു..

അതെ..ഞാന്‍ കാരണമാണ് എന്‍റെ വിനു....

ഈ കാഴ്ച കാണാനായിരുന്നോ അവന്‍ എന്നെ തേടി വന്നത്.. 

ഇത്രനേരവും ഞാന് കണ്ടത് ദേഹം വിട്ട അവന്‍റെ ആത്മാവിനെയായിരുന്നോ.?

ഒരുതരം മരവിപ്പോടെ അവള്‍ വിനുവിന്‍റെ കാലിനരികെയിരുന്നു..

കണ്ണീരുകൊണ്ട് പാപക്കറ തീര്‍ക്കുന്നപ്പോലെ..!

"പ്രിയാ.!" അവള്‍ പതിയെ തലയുയര്‍ത്തി നോക്കി. വിനുവിന്‍റെ സുഹ്യത്ത് അരുണാണ്..അവന്‍റെ കയ്യിലെ ഒരു തുണ്ട് പേപ്പര്‍ അവള്‍ക്ക് നേരെ നീട്ടിയിട്ട് അവന്‍ പറഞ്ഞു..

"വിനുവിന്‍റെ റൂമില്‍ നിന്ന് കിട്ടിയതാ വായിച്ചപ്പോള്‍ നിനക്കുള്ളതാണെന്ന് മനസിലായി"

അവളത് വാങ്ങി പതിയെ നിവര്‍ത്തി വായിച്ചു.

"പ്രിയാ..നീ കൂടെയില്ലാത്ത ഈ ജീവിതം എനിക്ക് മടുത്തു..

നിന്‍റെ സാമീപ്യം അതില്ലാത്ത പകലും രാവും എനിക്ക് നല്‍കുന്നത് വിരസതയേറിയ ജീവിതമാണ്..

ഞാന്‍ പോവുന്നതിന് മുമ്പ് ഒരുകാര്യം നീ എനിക്ക് സാധിച്ച് തരണം..

വടക്കെ മുറ്റത്തെ വരിക്കപ്ലാവിന്‍റെ എതിര്‍വശത്ത് നമ്മളന്ന് നട്ട പനിനീര്‍ചെടിയില്‍ ഇന്ന് ഒരുപാട് പൂക്കള്‍ വിരിഞ്ഞു കിടപ്പുണ്ട്..ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ അവ എന്‍റെ കല്ലറയ്ക്ക് മുകളില്‍ നീ വെക്കണം..

എന്നിലൂടെ നീ നിറവേറ്റാന്‍ ആഗ്രഹിച്ച ആഗ്രഹം നിന്നിലൂടെ എനിക്ക് നിറവേറ്റണം ..  സ്നേഹം കൊണ്ട് ഭ്രാന്തായ ഈ ഭ്രാന്തന്‍റെ ഈ ഒരാശയെങ്കിലും നീ എനിക്ക് നിറവേറ്റിതരില്ലേ.."

പെയ്തിറങ്ങിയ മിഴികള്‍ തുടച്ച് അവള്‍ അവന്‍റെ കല്ലറയ്ക്കരികിലേക്ക് നടന്നു നീങ്ങുമ്പോള്‍ അവന്‍റെ പ്രണയം മഴതുള്ളികളായ്കൊണ്ട് അവളെ പുണര്‍ന്ന്കൊണ്ടിരിക്കുന്നുണ്ടായിരുന്നു അപ്പോള്‍..!

===============

രചനഃ നഹല നഹു 

No comments:

Post a Comment

malayalam love story ഞങ്ങളുടെ പ്രണയം

ഞങ്ങളുടെ പ്രണയം ഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കിയിട്ടു  വന്നപ്പോൾ മുതൽ എന്തോ ഒരു മൂഡ് ഓഫായിരുന്നു.....  അവളുടെ കലപില ശബ്ദമില്ലാതെ ...