Friday, August 7, 2020

malayalam love story #ചെമ്പകം

#ചെമ്പകം 

----------------

malayalam short love story 


malayalam short love story


ചെങ്കല്ലിൽ തീർത്ത പഴക്കമേറിയ ചെമ്പകത്തറയിൽ, വെള്ള മുണ്ടിൽ പൊടിയാകാതിരിക്കാൻ  ഒന്ന് ഊതി, ഉണങ്ങി വീണ ഇലകളെ കൈകൊണ്ടു തട്ടി കേറിയിരുന്നു. ചെമ്പകത്തിന്റെ സുഗന്ധം വല്ലാത്ത ഒരുണർവ്വു നൽകുന്നുണ്ട്. 

ചെമ്പകത്തറ ചെമ്പകത്തിന്റെ സുഗന്ധം മാത്രമല്ല പ്രണയത്തിന്റെ സുഗന്ധം കൂടി പരത്തുന്നു എന്ന് തോന്നാതിരിക്കാൻ കഴിയില്ല വല്ലാത്തൊരു അനുഭൂതിയാണ് അപ്പു മനസ്സിൽ ഓർത്തു.. മെസ്സേജുകൾ തുരുതുരെ വരുന്നുണ്ട് ഫോൺ സൈലന്റ് ആക്കി തറയിൽ വച്ചു. 

---------------------------

---------------------------



സ്കൂളിൽ നിന്നും തിരിച്ചു വീട്ടിലെത്തിയാൽ കിട്ടിയത് എന്തേലും കഴിച്ചു തോർത്തുമുണ്ടും,  മാറാൻ ഒരു മുണ്ടും തേഞ്ഞു തീരാറായ സോപ്പും എടുത്തു ഒരോട്ടമാണ് അമ്പലക്കുളത്തിലേക്ക്. കുളികഴിഞ്ഞു നേരെ ചെമ്പകതറയിലേക്ക് അവിടത്തെ കാറ്റിന്റെ കുളിർമ്മ മേലാകെ തഴുകും.  

കാവിവർണ്ണം അണിഞ്ഞ ആകാശത്തിനു താഴെ. കൽവിളക്കിനു പിന്നിലായി അവളെത്തും.. 

തൊഴുതു കഴിഞ്ഞു നേരെ അടിവെച്ചടിവെച്ചു അമ്പലമുറ്റത്തെ പുല്ലുകളെ നോവിക്കാതെ കൊലുസിന്റെ താളത്തിൽ അവൾ നടന്നു വരും പട്ടുപാവാട ഒരു കൈകൊണ്ടു പിടിച്ചു മറുകയ്യിൽ പ്രസാദവുമായി... പാവാട അവൾക്കു പിന്നിലായി പുല്കൊടികളെ തഴുകി കൊണ്ടിരിക്കുകകയാവും. 

ചെമ്പകത്തറ എത്താൻ നേരത്തു കള്ളച്ചിരിയോടെ  മുഖത്തേക്ക് നോക്കി. 

കേറണില്ലേ അപ്പ്വേട്ടാ? 

നീ പ്രാർത്ഥിക്കണ് ണ്ടല്ലോ , അപ്പൊ പൊറത്തു ഞാനും കൂടി ണ്ട് ന്നു പറഞ്ഞാപ്പോരേ? 


കളിയാക്കാതെ പോയി വാ.. ന്നിട്ട് കൊറച്ച് മൊട്ട് പറച്ചു തര്വോ നിക്ക്? 

അതിനെന്താ താരാലോ, അമ്പലത്തിൽ കേറണില്ലാ.. നീ ലീവാകുമ്പോൾ ഞാൻ കേറിക്കോളാം ട്ടോ, 

അപ്പു പൊട്ടി ചിരിച്ചു 

ന്നാ കേറണ്ട, തെല്ലു ദേഷ്യത്തിൽ 

അടുത്തേക്ക് നീങ്ങി നിന്നു ചന്ദനം മോതിരവിരലിൽ മെല്ലെ എടുത്ത് നെറ്റിയിൽ തൊടുവിച്ചു..കുറച്ചു കഴുത്തിലും കയ്യിൽ ബാക്കി വന്ന പ്രസാദം കറുത്ത ചരടിൽ കഴുത്തിൽ തൂങ്ങികിടക്കുന്ന രുദ്രാക്ഷത്തിലും പുരട്ടി . ചെമ്പകത്തിന്റെ ഗന്ധം അമ്പലത്തിന്റെ മതിൽ കെട്ടു മുഴുവൻ നിറയുകയാണ്.. 

അപ്പു മെല്ലെ ഏഴുന്നേറ്റ്  വെള്ളപ്പാണ്ടുപിടിച്ചു കിടക്കുന്ന ചെമ്പകമരത്തിലേക്ക് വലിഞ്ഞു കയറി. 

ദാ അവിടെ 

എവിടെ? 

ദാ അപ്പ്വേട്ടന്റെ നേരെ മുന്നിൽ 

പട്ടുപാവാടക്കാരി ആവേശത്തോടെ പറഞ്ഞു കൊണ്ടിരുന്നു. 

അപ്പു അവളുടെ കുസൃതി നിറഞ്ഞ കൊഞ്ചലുകൾ കണ്ട് പുല്ലിലേക്കും അവളുടെ ദേഹത്തേക്കും ചെമ്പകപ്പൂവുകളും മൊട്ടുകളും ചൊരിഞ്ഞു കൊണ്ടിരുന്നു..

കണ്ണുകളിൽ അവൾ മാത്രം മനസ്സിൽ ചെമ്പകപ്പൂമണം... 

------------------------------

എന്ന ഇനി തിരിച്ച്‌ ? 

അപ്പു സ്ഥലകാല ബോധം വീണ്ടെടുത്തു. തോളിലെ തോർത്തുമുണ്ട് ഒന്ന് കുടഞ്ഞുകൊണ്ട്  തന്നെ നോക്കി നിൽക്കുവാന് വാസുഏട്ടൻ. 

"നാളെ പൂവും വാസ്വേട്ടാ.." 

"എങ്ങനെ ണ്ട് കുട്ട്യേ അവടെ പണിയൊക്കെ? "

"കൊഴപ്പം ഇല്ല വാസ്വേട്ടാ, അങ്ങനെ പോണ്. "

"ഇവിടെ പേപ്പറിൽ ഓരോന്ന് കാണുബോ ആദ്യം നിന്നെയ ഓർക്ക... ദേവീനോട് പ്രാര്ഥിക്കാറുണ്ട് ട്ടോ. "

"കേറണില്ലേ  ഉള്ളിലേക്ക്?"

  വാസു ചോദിച്ചു.

"ഇല്ല കുറച്ചു നേരം ഇവിടെ ഇരുന്ന് മനസ്സൊന്നു തണുക്കട്ടെ. അടുത്ത ലീവ് വരെ ഈ ചെമ്പക ത്തറല്ലേവാസ്വേട്ടാ  ഊർജ്ജം തരണത്.".   

"അടുത്ത ലീവിന് വരുമ്പോ ഈ തറ ഇവിടെ ണ്ടാവില്ല ട്ടോ... പുതിയ കമ്മറ്റിക്കാരാണ് ഇവിടെ സ്റ്റേജ് പണിയാൻ പോണ്...". 

അപ്പുവിന് ഉള്ളിൽ ഒരുപാട് മുറിവേറ്റപോലെ തോന്നി വെട്ടരുത് എന്ന് പറയണം എന്നുണ്ട്. ഓർമ്മകൾ ഇവിടെ മാത്രമാണുള്ളത്. 

"നീ ഒരു രണ്ടു മൂന്ന് മൊട്ട് ഇങ്ങട്ട് പറച്ചേ? "

"ആർക്കാ വാസ്വേട്ട ചെമ്പകപ്പൂവ്? "

"അമ്മൂന്റെ കുട്ടി ഇവടെ നിന്ന പടിക്കണേ അവള് ഉള്ളിലുണ്ട്..." 

"അമ്മു ഏടെയാ ? "

"ഓള്  ഓന്റെ കൂടെ ഗൾഫിലാ... കുഞ്ഞിനെ ഇവടെ നിർത്തി. ഞങ്ങക്കും ഒരു കൂട്ടാവല്ലോ.. "

ഒരു കുഞ്ഞ്പട്ടുപാവാടക്കാരി കൊലുസിന്റെ താളത്തിൽ ഇറങ്ങി വന്നു.. 

അപ്പു ചെമ്പകത്തിൽ കഷ്ടപ്പെട്ട് വലിഞ്ഞു കേറി രണ്ടുമൂന്നു പൂവുകൾ പൊട്ടിച്ചു താഴെ ഇട്ടു... 

കുഞ്ഞ്പട്ടുപാവാടക്കാരി കിലുകിലാ ചിരിച്ചു പൂവുകൾ പെറുക്കിയെടുത്തു... 

മുത്തശ്ശനോടൊപ്പം നടന്നു..... 

അപ്പു ചെമ്പകപ്പൂമണം ആവോളം ശ്വസിച്ചു.... അവിടമാകെ കുളിരർകാറ്റിൽ ഗന്ധം പടർന്നു അമ്പലമുറ്റത്തെ കൽവിളക്കുകൾ തെളിഞ്ഞു..നാളെ യാത്രയാണ് ചെമ്പകപ്പൂ ഗന്ധം ഇല്ലാത്ത മഞ്ഞിൻ പട്ടു പുതച്ചു കിടക്കുന്ന താഴ്‌വരയിലേക്ക്.....

പട്ടാള യൂണിഫോമിൽ ഒളിപ്പിച്ചു വക്കാൻ,  ഒരുപിടി ഓർമകളും പിന്നെ ഒരു ചെമ്പക പൂവുമായി.... 

സ്‌നേഹപൂർവ്വം, 

                         --  കെ ആർ -- 

Malayalam Love Story എന്റെ കാന്താരി

Malayalam Love Story എന്റെ കാന്താരി

Malayalam Love Story എന്റെ കാന്താരി



എന്തിനെന്നു പോലും അറിയാതെ കോളേജിൽ പോയിരുന്ന ദിവസങ്ങളിൽ ഒന്നിലാണ് ഞാൻ അവളെ ആദ്യം കണ്ടത്- എന്റെ കാന്താരിയെ. ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന് കുറുമ്പ് ഒപ്പിക്കുന്ന അവളെ ഒന്നു ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു കോളേജിലല്ലെങ്കിലും ഒരേ ബസ്സിലെ യാത്രക്കാർ എന്ന നിലക്ക് ഒന്ന് പരിചയപ്പെടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. മനസ്സിൽ ധൈര്യം ആവശ്യത്തിലേറെ ഉണ്ടായിരുന്നെങ്കിലും സംസാരിക്കാൻ ഒരു വിഷയം കിട്ടിയിരുന്നില്ല.ആവശ്യത്തിന് തിരക്കുള്ള ബസ്സിൽ ഒരിക്കലും സീറ്റ് കിട്ടാതിരുന്നത് എന്നും അവളുടെ അടുത്ത് പോയി നിക്കാൻ എന്നെ നിർബന്ധിച്ചു. അങ്ങനെ ഒരു ദിവസം എന്നും കാണുന്ന കൂട്ടുകാരിയെ കൂടെ കാണാതെ വന്നപ്പോഴാണ് സംസാരിക്കാമെന്ന് വിചാരിച്ചത്. എന്താ പറയേണ്ടതെന്ന് ഒരു നിശ്ചയോവില്ല. വെറുതെ കേറി പരിചയപ്പെടാൻ പോയാൽ വെറും കോഴി ആണെന്ന് വിചാരിച്ചാലോ..

" എഡോ തന്റെ കൂട്ടുകാരിക്ക് ലൈൻ ഉണ്ടോ?"

"ലൈൻ ഇല്ലേലും രണ്ട് ചേട്ടന്മാരുണ്ട് ചേട്ടാ, വിട്ടേക്ക് .."

അത് പറയുമ്പോൾ അവളുടെ കണ്ണിലെ കുസൃതി ആദ്യമായി ഞാൻ കണ്ടു. ആ ലൈൻ അന്വേഷണത്തിൽ തുടങ്ങിയ പരിചയം സൗഹൃദത്തിലേക്ക് വളർന്നിട്ടും അവളുടെ മുൻപിൽ മനസ്സ് തുറക്കാനുള്ള ധൈര്യമില്ലായിരുന്നു. എല്ലാവരെയുംപോലെ സൗഹൃദം നഷ്ടപ്പെടുമോ എന്ന ഭയം. പിന്നീട് എന്നും അവൾ പോകുന്ന ബസിനു പോകുന്നതും അവളുടെ സീറ്റിനു തൊട്ടടുത്ത് തന്നെ നിന്ന് അവളുടെ കുറുമ്പ് കാണുന്നതും മാത്രമായി എന്റെ ഏറ്റവും വല്യ സന്തോഷം. ആ കണ്ണുകളിലെ തിളക്കം എനിക്ക് ഒരിക്കലും നഷ്ടപ്പെടുത്താനാവില്ലെന്നു തിരിച്ചറിയാൻ ക്ലാസ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. വീണ്ടും കാണാൻ ഒരു വഴിയുമില്ലാതെ വിഷമിച്ചിരുന്നപ്പോഴാണ് പിജി പഠിക്കാൻ അവൾ എന്റെ കോളേജിൽ തന്നെ വരുന്നത്. വല്ലാത്ത ഒരു അനുഭൂതിയായിരുന്നു എനിക്ക്. അവളിലെ പെണ്ണിനെ, കുറുമ്പത്തിയെ , എല്ലാം ഞാൻ അറിയുകയായിരുന്നു. സംസാരിക്കാൻ ഒരാൾ എന്നതിനപ്പുറം എന്നും വഴക്കുണ്ടാക്കാൻ ഒരിക്കലും പിണങ്ങിപ്പോവില്ലെന്നുറപ്പുള്ള ഒരു സൗഹൃദമായിരുന്നു എനിക്ക് അവൾ. ചീത്ത പറഞ്ഞാൽ പറഞ്ഞത് ചീത്ത ആണെന്ന് മനസ്സിലാക്കാനുള്ള ബോധം പോലുമില്ലാത്ത പൊട്ടത്തി. മറ്റാരും സ്വന്തമാക്കാതിരിക്കാൻ ആരെയും അടുപ്പിക്കാതെ എന്റെ സ്വാർത്ഥതയുടെ ചട്ടയിൽ ഞാൻ അവളെ സംരക്ഷിച്ചു. ഒടുക്കം കൈവിട്ടു പോകുമോ എന്ന പേടി കൂടി വന്നപ്പോഴാണ് മനസ്സിലെ ഇഷ്ടം തുറന്നു പറയാൻ തീരുമാനിച്ചത്. എന്റേതാകാൻ അവൾ സമ്മതം മൂളിയ നിമിഷം ഇന്നും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. സ്വർഗം കിട്ടിയ സന്തോഷമായിരുന്നു എനിക്ക്. രണ്ട് വീട്ടിൽ നിന്നും സമ്മതം കൂടി കിട്ടിയപ്പോൾ ആ തിളങ്ങുന്ന കണ്ണുകൾ ഇനി എന്നും എനിക്ക് തന്നെ സ്വന്തമാണെന്ന്, എന്റെ മധുരിക്കുന്ന കാന്താരിയെ മാറ്റരും കൊണ്ടോവില്ലെന്നു ഞാൻ ഉറപ്പിച്ചു.

പ്രണയത്തിന്റെ നാളുകളിലൊന്നും അവൾ എന്റെ വീട്ടിലേക്ക് വരാൻ തയ്യാറായിരുന്നില്ല. എത്ര വിളിച്ചാലും സമയമുണ്ടല്ലോ, ഞാൻ എന്നും നിന്റെ കൂടെ ഇല്ലേ എന്ന് മാത്രം പറയും. അതുകൊണ്ട് തന്നെ അന്ന് ഞാൻ വീട്ടിലേക്ക് വരട്ടെ എന്ന് ഇങ്ങോട്ട് ചോദിച്ചപ്പോൾ മനസ്സിലുണ്ടായ സന്തോഷത്തിനു അതിരുകളില്ലായിരുന്നു. വന്നു കുറച്ച് സമയത്തിനുള്ളിൽ തന്നെ വീട്ടിലെ എല്ലാവരുടെയും എല്ലാം ആയി അവൾ മാറി. അവളുടെ സാന്നിധ്യം എന്നും അവിടെ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിച്ചു. വീട്ടിലെ തിരക്കിനിടക്ക് ഒന്ന് ഒറ്റക്ക് കിട്ടിയപ്പോൾ തലക്കിട്ട് ഒരു കൊട്ട് കൊടുത്തിട്ട് ഞാൻ ചോദിച്ചു:

"എന്തേ ഇപ്പോ പെട്ടെന്ന് വീടൊക്കെ കാണാൻ ആഗ്രഹം? ഇത്രേം നാളും എന്നാ ജാഡയാരുന്നു?"

"അത് ചുമ്മാ.. എല്ലാരേം ഒന്ന് കാണാൻ തോന്നി."

"എന്താ പെണ്ണേ.. ഇന്ന് വല്യ സന്തോഷത്തിലാണല്ലോ.."

"കലാശക്കൊട്ടാണെന്ന് കൂട്ടിക്കോ മാഷേ .." ഇതിനിതെന്തു പ്രാന്താണെന്ന് ഓർത്തു തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പോൾ എന്റെ കൈയിൽ പിടിച്ച് നിർത്തിയിട്ട് അവൾ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. "ഞാൻ കഴിഞ്ഞ ആഴ്ച ഒന്ന് തലകറങ്ങി വീണ കാര്യം പറഞ്ഞിരുന്നില്ലേ?"

"അത് സമയത്ത് വെല്ലോം തിന്നണം. അല്ലാതെ മെലിയാനാണെന്നും പറഞ്ഞു തിന്നാതിരുന്നാ ഇങ്ങനെ ഒക്കെ നടക്കും."

"എന്നാലേ .. അത് കഴിക്കാത്തേന്റെ അല്ല.." "പിന്നെ?"

കണ്ണുകൾ നിറഞ്ഞിട്ടും ചുണ്ടിൽ പുഞ്ചിരി ഉണ്ട്. അവളെ അങ്ങനെ കണ്ടത് ടെൻഷൻ കൂട്ടിയതേ ഉള്ളൂ..

"ഇന്നലെയാ റിപ്പോർട്ട് വന്നത്. കാൻസർ ആണ്. ലാസ്റ്റ് സ്റ്റേജ് ആ..ഇനിയൊന്നും ചെയ്യാനില്ലന്ന് .."

പറഞ്ഞത് എന്താന്ന് മനസ്സിലാകാത്തതുപോലെ ഞാൻ അവളെ നോക്കി നിന്നതേ ഉള്ളു. എത്ര സിമ്പിൾ ആയിട്ടാ പെണ്ണ് പറയുന്നേ..തല പെരുക്കുന്നത് പോലെ തോന്നി. ഇങ്ങനെ ഒരവസ്ഥ.. എന്റെ കാന്താരി പുകയാൻ തുടങ്ങിയിരിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തതുപോലെ, ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതുപോലെയുള്ള പുകച്ചിൽ.. എന്റെ കണ്ണ് നിറഞ്ഞു വന്നു.

"ഈ കണ്ണ് ഒരിക്കലും നിറയരുതെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. എനിക്ക് ഒട്ടും സമയമില്ല. ഞാൻ ഉടനെ പോകും. നിന്നെ ഒറ്റക്കാക്കീട്ട് തന്നെ പോകും. അതുവരെയെങ്കിലും ഈ കണ്ണ് നിറയരുത്. പിന്നെ ഇവിടെ ആരും ഇത് ഇപ്പോ അറിയണ്ട. വെറുതെ എന്തിനാ എല്ലാരേം വിഷമിപ്പിക്കുന്നേ.."

അമ്മയുടെ വിളി കേട്ടപ്പോൾ ഒന്നും സംഭവിക്കാത്തതുപോലെ കണ്ണ് തുടച്ച് ചിരിച്ചു കൊണ്ട് അകത്തേക്ക് ഓടിക്കയറിയ എന്റെ പെണ്ണ് തന്നെ, എന്നെ ഏറ്റവും സന്തോഷിപ്പിച്ചിരുന്നവൾ തന്നെ, ഇന്ന് എനിക്ക് ഏറ്റവും വല്യ വേദനയായി മാറിയിരിക്കുന്നു. അവളുടെ കണ്ണിലെ തിളക്കം കുറഞ്ഞിട്ടും എനിക്ക് എന്തുകൊണ്ടാണ് അത് മനസ്സിലാകാതെ പോയത്? അത്രയും വല്യ വേദന ആരെയും അറിയിക്കാതെ ഉള്ളിൽ കൊണ്ടുനടന്ന് അവൾ എനിക്ക് മുൻപിൽ ഒരു അത്ഭുതമായി മാറിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു, എന്റേതാകുമെന്ന് ഞാൻ ഉറപ്പിച്ചവൾ ഒരിക്കലും എന്റേതാകില്ല എന്ന സത്യം. അവൾക്കായി കാത്തിരിക്കുന്ന വിധി മറ്റൊന്നാണെന്ന സത്യം. എഴുന്നേറ്റ് നടക്കാൻ അവൾക്ക് സാധിച്ചിരുന്ന സമയം വരെ അവളുടെ ഓരോ ആഗ്രഹങ്ങളായി ഞാൻ നടത്തിക്കൊടുത്തു.

ആശുപത്രി വരാന്തയിൽ അവളുടെ അച്ഛനോടും അമ്മയോടും ഒപ്പം ഞാനും അവളുട ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ച് കാത്തിരുന്നു. ഓരോ തവണ അവളെ കാണുമ്പോഴും ഉള്ളു പിടയുകയായിരുന്നു. എന്റെ കാന്താരി വാടാൻ തുടങ്ങിയിരിക്കുന്നു. ആ കണ്ണുകളിലെ തിളക്കം എനിക്ക് നഷ്ടമാകാൻ തുടങ്ങിയിരിക്കുന്നു. വേദനയുടെ മൂർദ്ധന്യാവസ്ഥയിൽ അവളെ ഒറ്റക്കാക്കാൻ സാധിക്കാതെ ആ താലി അവളുടെ കഴുത്തിൽ കെട്ടുമ്പോൾ എന്റെ കൈകൾ വിറച്ചിരുന്നു. വേദന സഹിക്കാനാവാതെ അവളെ താങ്ങിയ എന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് "എന്നെ ഒന്ന് കൊന്നു താ ചേട്ടായി"എന്ന് പറഞ്ഞ് അവൾ നിലവിളിക്കുമ്പോൾ എന്റെ ഒപ്പം ആ വാർഡിലെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. ഒടുക്കം വെള്ള പുതച്ച് കൊണ്ടുവന്ന അവളുടെ ശരീത്തിൽ ചുറ്റിപ്പിടിച്ച്, നെഞ്ചിൽ തല വെച്ച്, അത്ര നാളും അവൾ കാണാതെ ഞാൻ സൂക്ഷിച്ചിരുന്ന കണ്ണീരും സങ്കടങ്ങളും ഒഴുക്കി കളഞ്ഞപ്പോൾ അവളുടെ നല്ല ഓർമ്മകൾ എന്നെ തഴുകിക്കൊണ്ടിരുന്നു. ആദ്യമായി ആ കവിളിൽ ഞാൻ ചുംബിച്ചപ്പോഴും ഒന്നും മിണ്ടാതെ, കണ്ണ് തുറന്നൊന്നു നോക്കുക കൂടി ചെയ്യാതെ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി അവൾ വെറുതെ കിടന്നതേയുള്ളു. "വെറും ഒരു കാമുകിയല്ല, ഞാൻ താലി കെട്ടിയ എന്റെ പെണ്ണായിരുന്നു അവൾ" എന്ന എന്റെ മറുപടിക്ക് മുൻപിൽ മറ്റൊരു വിവാഹത്തിനായി എന്നെ നിർബന്ധിച്ചിരുന്ന എല്ലാവരുടെയും നാവടങ്ങി.

ഇന്ന്, ഇത്രയും നാളുകൾക്കുശേഷവും നിന്നെപ്പോലെ ഒരു കാന്താരിയെ കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടില്ല പെണ്ണേ... മറക്കില്ല, കൂടെ കാണുമെന്ന എന്റെ വാക്ക് നീ പോലും അറിയാതെ ഞാൻ പാലിച്ചുകൊണ്ടിരിക്കുകയാണ്.... 

malayalam love story ഞങ്ങളുടെ പ്രണയം

ഞങ്ങളുടെ പ്രണയം ഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കിയിട്ടു  വന്നപ്പോൾ മുതൽ എന്തോ ഒരു മൂഡ് ഓഫായിരുന്നു.....  അവളുടെ കലപില ശബ്ദമില്ലാതെ ...