#ചെമ്പകം
----------------
malayalam short love story
ചെങ്കല്ലിൽ തീർത്ത പഴക്കമേറിയ ചെമ്പകത്തറയിൽ, വെള്ള മുണ്ടിൽ പൊടിയാകാതിരിക്കാൻ ഒന്ന് ഊതി, ഉണങ്ങി വീണ ഇലകളെ കൈകൊണ്ടു തട്ടി കേറിയിരുന്നു. ചെമ്പകത്തിന്റെ സുഗന്ധം വല്ലാത്ത ഒരുണർവ്വു നൽകുന്നുണ്ട്.
ചെമ്പകത്തറ ചെമ്പകത്തിന്റെ സുഗന്ധം മാത്രമല്ല പ്രണയത്തിന്റെ സുഗന്ധം കൂടി പരത്തുന്നു എന്ന് തോന്നാതിരിക്കാൻ കഴിയില്ല വല്ലാത്തൊരു അനുഭൂതിയാണ് അപ്പു മനസ്സിൽ ഓർത്തു.. മെസ്സേജുകൾ തുരുതുരെ വരുന്നുണ്ട് ഫോൺ സൈലന്റ് ആക്കി തറയിൽ വച്ചു.
---------------------------
---------------------------
സ്കൂളിൽ നിന്നും തിരിച്ചു വീട്ടിലെത്തിയാൽ കിട്ടിയത് എന്തേലും കഴിച്ചു തോർത്തുമുണ്ടും, മാറാൻ ഒരു മുണ്ടും തേഞ്ഞു തീരാറായ സോപ്പും എടുത്തു ഒരോട്ടമാണ് അമ്പലക്കുളത്തിലേക്ക്. കുളികഴിഞ്ഞു നേരെ ചെമ്പകതറയിലേക്ക് അവിടത്തെ കാറ്റിന്റെ കുളിർമ്മ മേലാകെ തഴുകും.
കാവിവർണ്ണം അണിഞ്ഞ ആകാശത്തിനു താഴെ. കൽവിളക്കിനു പിന്നിലായി അവളെത്തും..
തൊഴുതു കഴിഞ്ഞു നേരെ അടിവെച്ചടിവെച്ചു അമ്പലമുറ്റത്തെ പുല്ലുകളെ നോവിക്കാതെ കൊലുസിന്റെ താളത്തിൽ അവൾ നടന്നു വരും പട്ടുപാവാട ഒരു കൈകൊണ്ടു പിടിച്ചു മറുകയ്യിൽ പ്രസാദവുമായി... പാവാട അവൾക്കു പിന്നിലായി പുല്കൊടികളെ തഴുകി കൊണ്ടിരിക്കുകകയാവും.
ചെമ്പകത്തറ എത്താൻ നേരത്തു കള്ളച്ചിരിയോടെ മുഖത്തേക്ക് നോക്കി.
കേറണില്ലേ അപ്പ്വേട്ടാ?
നീ പ്രാർത്ഥിക്കണ് ണ്ടല്ലോ , അപ്പൊ പൊറത്തു ഞാനും കൂടി ണ്ട് ന്നു പറഞ്ഞാപ്പോരേ?
കളിയാക്കാതെ പോയി വാ.. ന്നിട്ട് കൊറച്ച് മൊട്ട് പറച്ചു തര്വോ നിക്ക്?
അതിനെന്താ താരാലോ, അമ്പലത്തിൽ കേറണില്ലാ.. നീ ലീവാകുമ്പോൾ ഞാൻ കേറിക്കോളാം ട്ടോ,
അപ്പു പൊട്ടി ചിരിച്ചു
ന്നാ കേറണ്ട, തെല്ലു ദേഷ്യത്തിൽ
അടുത്തേക്ക് നീങ്ങി നിന്നു ചന്ദനം മോതിരവിരലിൽ മെല്ലെ എടുത്ത് നെറ്റിയിൽ തൊടുവിച്ചു..കുറച്ചു കഴുത്തിലും കയ്യിൽ ബാക്കി വന്ന പ്രസാദം കറുത്ത ചരടിൽ കഴുത്തിൽ തൂങ്ങികിടക്കുന്ന രുദ്രാക്ഷത്തിലും പുരട്ടി . ചെമ്പകത്തിന്റെ ഗന്ധം അമ്പലത്തിന്റെ മതിൽ കെട്ടു മുഴുവൻ നിറയുകയാണ്..
അപ്പു മെല്ലെ ഏഴുന്നേറ്റ് വെള്ളപ്പാണ്ടുപിടിച്ചു കിടക്കുന്ന ചെമ്പകമരത്തിലേക്ക് വലിഞ്ഞു കയറി.
ദാ അവിടെ
എവിടെ?
ദാ അപ്പ്വേട്ടന്റെ നേരെ മുന്നിൽ
പട്ടുപാവാടക്കാരി ആവേശത്തോടെ പറഞ്ഞു കൊണ്ടിരുന്നു.
അപ്പു അവളുടെ കുസൃതി നിറഞ്ഞ കൊഞ്ചലുകൾ കണ്ട് പുല്ലിലേക്കും അവളുടെ ദേഹത്തേക്കും ചെമ്പകപ്പൂവുകളും മൊട്ടുകളും ചൊരിഞ്ഞു കൊണ്ടിരുന്നു..
കണ്ണുകളിൽ അവൾ മാത്രം മനസ്സിൽ ചെമ്പകപ്പൂമണം...
------------------------------
എന്ന ഇനി തിരിച്ച് ?
അപ്പു സ്ഥലകാല ബോധം വീണ്ടെടുത്തു. തോളിലെ തോർത്തുമുണ്ട് ഒന്ന് കുടഞ്ഞുകൊണ്ട് തന്നെ നോക്കി നിൽക്കുവാന് വാസുഏട്ടൻ.
"നാളെ പൂവും വാസ്വേട്ടാ.."
"എങ്ങനെ ണ്ട് കുട്ട്യേ അവടെ പണിയൊക്കെ? "
"കൊഴപ്പം ഇല്ല വാസ്വേട്ടാ, അങ്ങനെ പോണ്. "
"ഇവിടെ പേപ്പറിൽ ഓരോന്ന് കാണുബോ ആദ്യം നിന്നെയ ഓർക്ക... ദേവീനോട് പ്രാര്ഥിക്കാറുണ്ട് ട്ടോ. "
"കേറണില്ലേ ഉള്ളിലേക്ക്?"
വാസു ചോദിച്ചു.
"ഇല്ല കുറച്ചു നേരം ഇവിടെ ഇരുന്ന് മനസ്സൊന്നു തണുക്കട്ടെ. അടുത്ത ലീവ് വരെ ഈ ചെമ്പക ത്തറല്ലേവാസ്വേട്ടാ ഊർജ്ജം തരണത്.".
"അടുത്ത ലീവിന് വരുമ്പോ ഈ തറ ഇവിടെ ണ്ടാവില്ല ട്ടോ... പുതിയ കമ്മറ്റിക്കാരാണ് ഇവിടെ സ്റ്റേജ് പണിയാൻ പോണ്...".
അപ്പുവിന് ഉള്ളിൽ ഒരുപാട് മുറിവേറ്റപോലെ തോന്നി വെട്ടരുത് എന്ന് പറയണം എന്നുണ്ട്. ഓർമ്മകൾ ഇവിടെ മാത്രമാണുള്ളത്.
"നീ ഒരു രണ്ടു മൂന്ന് മൊട്ട് ഇങ്ങട്ട് പറച്ചേ? "
"ആർക്കാ വാസ്വേട്ട ചെമ്പകപ്പൂവ്? "
"അമ്മൂന്റെ കുട്ടി ഇവടെ നിന്ന പടിക്കണേ അവള് ഉള്ളിലുണ്ട്..."
"അമ്മു ഏടെയാ ? "
"ഓള് ഓന്റെ കൂടെ ഗൾഫിലാ... കുഞ്ഞിനെ ഇവടെ നിർത്തി. ഞങ്ങക്കും ഒരു കൂട്ടാവല്ലോ.. "
ഒരു കുഞ്ഞ്പട്ടുപാവാടക്കാരി കൊലുസിന്റെ താളത്തിൽ ഇറങ്ങി വന്നു..
അപ്പു ചെമ്പകത്തിൽ കഷ്ടപ്പെട്ട് വലിഞ്ഞു കേറി രണ്ടുമൂന്നു പൂവുകൾ പൊട്ടിച്ചു താഴെ ഇട്ടു...
കുഞ്ഞ്പട്ടുപാവാടക്കാരി കിലുകിലാ ചിരിച്ചു പൂവുകൾ പെറുക്കിയെടുത്തു...
മുത്തശ്ശനോടൊപ്പം നടന്നു.....
അപ്പു ചെമ്പകപ്പൂമണം ആവോളം ശ്വസിച്ചു.... അവിടമാകെ കുളിരർകാറ്റിൽ ഗന്ധം പടർന്നു അമ്പലമുറ്റത്തെ കൽവിളക്കുകൾ തെളിഞ്ഞു..നാളെ യാത്രയാണ് ചെമ്പകപ്പൂ ഗന്ധം ഇല്ലാത്ത മഞ്ഞിൻ പട്ടു പുതച്ചു കിടക്കുന്ന താഴ്‌വരയിലേക്ക്.....
പട്ടാള യൂണിഫോമിൽ ഒളിപ്പിച്ചു വക്കാൻ, ഒരുപിടി ഓർമകളും പിന്നെ ഒരു ചെമ്പക പൂവുമായി....
സ്‌നേഹപൂർവ്വം,
-- കെ ആർ --
No comments:
Post a Comment