malayalam story ഒരു പെണ്ണു കാണൽ അപാരത
ഒരു ഞായറാഴ്ച അവധി ദിവസം ചുമ്മാ വാട്സ്ആപിൽ നിന്ന് ഫേസ്ബുക്കിലേക്കും
ഇൻസ്റാഗ്രാമിലേക്കും മാറി മാറി ചേക്കേറിക്കൊണ്ടിരിക്കുമ്പോൾ ..... അതാണല്ലോ നമ്മുടെ ലോകം...
വിരൽ തുമ്പിൽ ഒതുങ്ങി തീർന്ന..
ചെറിയ ലോകം ...
പെട്ടന്നാണ് പപ്പായുടെ ഒരു മെസ്സേജ് വന്നത്.
ആഹാ കോളടിച്ചല്ലോ...
ഏതോ കല്യാണ ആലോചനയല്ലേ അത്?
ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ ..
പപ്പയുടെ മെസ്സേജ് ആണെങ്കിൽ അതു കല്യാണ ആലോചന തന്നെ..
എന്നെ കുടുക്കിൽ ആക്കാൻ വർഷങ്ങൾ ആയി തുടങ്ങിയ അശ്രാന്ത പരിശ്രമം ആണ്..
ഒന്നും ഇത് വരെ അങ്ങ് ശരിയാവുന്നില്ല...
എന്റെ വാരിയെല്ല് എവിടാ ആണാവോ??
ഇതിപ്പോ ആരാണാവോ പുതിയ അവതാരം??
ഇഷ്ട്ടപ്പെടുമോ? ഇല്ലേൽ
എങ്ങനെ വേണ്ടാന്ന് വയ്ക്കും
അമ്മ സമ്മതിക്കൂല.
ഇഷ്ടമല്ല എന്നെങ്ങാനും പറഞ്ഞാൽ പിന്നെ തീർന്നു. കൊന്നു കൊലവിളിക്കും.
എന്ത് കൊണ്ടാണ് കാണാൻ വരുന്ന ചെക്കന്മാരെ ഇഷ്ടപ്പെടാത്തത് എന്നു ചോദിച്ചാൽ നോ ആൻസർ. എന്താണ് ഡിമാൻഡ് എന്ന് ചോദിച്ചാൽ
നോ ഡിമാൻഡ്. ബട്ട് മനസ്സിനിഷ്ടപ്പെടണ്ടേ??
ഓരോന്ന് ആലോചിച്ചു... ഇപ്പൊ മെസ്സേജ് തുറന്നു നോക്കണ്ട എന്ന ബുദ്ധിയുടെ ഉപദേശം മറികടന്നു ഹൃദയം മുന്നോട്ടു കുതിച്ചു.....
തുറന്നു നോക്കിയതും........
കണ്ണ് കണ്ടത് മനസിന് വിശ്വസിക്കാൻ പറ്റുന്നില്ല...
ഒരു സുന്ദരൻ ചെക്കൻ........
ഇനി ആള് മാറി അയച്ചതാണോ???
അനിയത്തിക്ക് വന്ന ആലോചന ആണോ??
അതെന്താ എന്നു വച്ചാൽ അവളും ഞാനും തമ്മിൽ സൗന്ദര്യത്തിൽ കുറച്ചു് കുറച്ചു ഏറെ വ്യത്യാസം ഉണ്ട്..
അവൾ വെളുത്തിട്ടാണ്......
പപ്പാ പറയുന്ന പോലെ പറഞ്ഞാൽ അവൾ 90% വെളുത്തതും...
ഞാൻ വെറും 60% വെളുത്തതും..
അവൾ മെലിഞ്ഞിട്ടാണ്
ഞാനും നല്ല..... അങ്ങനെ അല്ല അത്യാവശ്യം തടിച്ചിട്ടാണ്...
മക്കൾ അധികം ആഹാരം കഴിക്കരുത് എന്ന് പറയുന്ന ഏതെങ്കിലും അമ്മമാരേ നിങ്ങൾ കണ്ടിട്ടുണ്ടോ??? എന്നാൽ എന്റെ അമ്മ അങ്ങനെ ആണ്. ഞാൻ വീട്ടിൽ ചെന്നാൽ അമ്മ ആദ്യം നോക്കുന്നത് എനിക്ക് വണ്ണം വച്ചോ എന്നാണ്.
എങ്ങാനും കൂടിയാൽ.....
തീർന്നു..... നിന്നോട് പറഞ്ഞിട്ടില്ലേ കണ്ടത് വലിച്ചു വാരി തിന്നരുത്......
പെൺകുട്ടികൾ ആയാൽ ശരീരം ഒക്കെ നോക്കണ്ടേ. ഇങ്ങനെ തിന്നാൽ നിന്നെ ആരും കെട്ടിക്കൊണ്ടു പോകില്ല.
പോകില്ലേ.... ശരിക്കും... അടിപൊളി.. നമ്മക്ക് അതാണല്ലോ വേണ്ടത്.
സിംഗിൾ.... ബാച്‌ലർ.... ക്രോണിക് ബാച്ച്ലർ
ഹ... ഹ.. ഹ..
അടുത്തത് അവൾ സൽസ്വഭാവി ആണ്.
നമ്മൾ അൽപ സ്വല്പം തറ ആണ്.
അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ അവൾ അടക്കവും ഒതുക്കവും ഉള്ളവളും ഞാൻ തല തെറിച്ചതും
പിന്നെ അവൾ കാണാൻ ഗ്ലാമർ ആണ്
നമ്മൾ ഒക്കെ മനസ്സിൽ ഗ്ലാമർ ഉള്ളവർ ആണുട്ടോ.... ഇത് കൊണ്ടാണ് എനിക്ക് അവൾക്ക് വന്ന ആലോചന ആണോ എന്നു ഡൌട്ട് വന്നത്.
ഇനി ചെക്കൻ.. വെളുത്തു... മെലിഞ്ഞു... ഉയരം ഉള്ള... കാണാൻ ഗ്ലാമർ ആയ.... മുഖത്ത് നിഷ്കളങ്ക ചിരി.... ഉള്ള ഒരു.. കിടു
ഓഹോ ആളെ കളിയാക്കാൻ കുടുംബം ആയിട്ട് ഇറങ്ങി അല്ലെ...
കാണിച്ചു തരാം..
ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തല വഴി പുതപ്പ് എടുത്തു മൂടി കിടന്നു.....
ഇവൻ നിനക്ക് ഉള്ള ആളെ അല്ല കൊച്ചേ.. ബുദ്ധി ഓർമിപ്പിക്കുന്നു.. ബട്ട് മനസ് കുതിച്ചു പായുന്നു... കുളിരു കോരുന്നു.... ആഹാ മൊത്തത്തിൽ ഒരു ലഡ്ഡു പൊട്ടി മനസ്സിൽ.....
കിടന്നിട്ടു ഉറക്കം വരുന്നില്ല..
ഫോൺ എടുക്കുന്നു....
ഗാലറി ഓപ്പൺ ചെയ്യുന്നു..
ഫോട്ടോ കാണുന്നു..
എന്തൊരു സന്തോഷം...
എന്തൊക്കയോ... എന്തോ.....
പെട്ടന്ന് ആണ് അമ്മയുടെ കാൾ വന്നത്
എന്ത് പറ്റിയോ..
"മോനേ.".. അങ്ങനെ ആണ് വീട്ടിൽ വിളിക്കാറ്
"എന്താ അമ്മേ "
"ഒരു കല്യാണ ആലോചന വന്നിട്ടുണ്ട്
ചെക്കൻ ബാങ്ക് മാനേജർ ആണ്
MBA പഠിച്ചതാണ്
ഇവിടെ അടുത്താണ് അവരുടെ വീട് "
"ഓക്കേ അതിനെന്താ"
"പപ്പ വരുമ്പോൾ ഫോട്ടോ അയച്ചു തരാൻ പറയാം "
ഓ അപ്പൊ പപ്പാ ഫോട്ടോ അയച്ചു തന്ന കാര്യം പാവം അമ്മ അറിഞ്ഞില്ല
"പപ്പാ ഒരു ഫോട്ടോ അയച്ചാരുന്നു അമ്മേ "
"എങ്ങനെ ഉണ്ട്"?? "കൊള്ളാമോ "??
സൂപ്പർ അല്ലേ എന്നു പറയണം എന്നുണ്ടായിരുന്നു.
വേണ്ട.. എന്തിനാ വെറുതെ..
"കുഴപ്പമില്ല "
"നിനക്ക് ഇഷ്ടപ്പെട്ടോ"
"ആ... വലിയ ഇഷ്ടം ഒന്നും ഇല്ല. പക്ഷെ കുഴപ്പമില്ല "
"എന്നാൽ നിന്റെ ഫോട്ടോ അവർക്കു അയച്ചു കൊടുക്കട്ടെ"???
"ങേ" പണി കിട്ടിയോ. ഇവർ വല്ല പുരാതന കാലത്ത് ഉള്ള എന്റെ വല്ല ഫോട്ടോ അയച്ചു കൊടുത്താൽ തീർന്നു...
"എന്റെ വല്ല പുതിയ ഫോട്ടോ ഉണ്ടോ?? "
"ആ ഉള്ളത് ഞങ്ങൾ അയച്ചു കൊടുക്കാം "
ഗ്രാമവാസീസ്... സമ്മതിക്കൂല...
"അന്ന് നീ അവൾക്ക് അയച്ചു കൊടുത്ത ഫോട്ടോ പപ്പയുടെ കൈയിൽ ഉണ്ട്. അതിൽ നിന്ന് നല്ലത് നോക്കി അയക്കാം "
അമ്മ മുത്താണ്....
പൊളിയാണ്....
"പിന്നെ പപ്പയോടു അയക്കുമ്പോൾ കണ്ണട വച്ചു നോക്കി അയക്കാൻ പറയണേ "
"അതൊക്ക ഞങൾ ചെയ്തോളാം.
നീ ഒന്നു കെട്ടാൻ സമ്മതിച്ചാൽ മതി "
"ഞാൻ സമ്മതിക്കും."
"സമ്മതിച്ചാൽ നിനക്ക് കൊള്ളാം "
സീൻ ഡാർക്ക് ആകുന്നു.. ഞാൻ ഫോൺ കട്ട് ചെയ്തു.
* * * * * * * *
രാത്രി വിളിച്ചു അമ്മ പറഞ്ഞു ഫോട്ടോ അയച്ചു കൊടുത്തു. ചെക്കനു ഇഷ്ടം ആയി. "എന്റെ കർത്താവെ "
"ഏതു ഫോട്ടോ ആണ് അയച്ചു കൊടുത്തത്?
ചെക്കന് ശരിക്കും ഇഷ്ടപ്പെട്ടോ.?
എന്റെ ഫോട്ടോ തന്നെ ആണോ അയച്ചു കൊടുത്തത്??
ചെക്കന് കണ്ണു കാണുമല്ലോ??"
ചോദ്യങ്ങൾ... ചോദ്യങ്ങൾ...
അമ്മ കലിപ്പ് മോഡ് ഓൺ ആക്കി.
"അവർക്ക് തലക്കു ഓളം ഒന്നും ഇല്ല.
നിന്റെ ഫോട്ടോ കണ്ടു. ഇഷ്ടം ആയി. മതില്ലേ വേഗം വരാൻ നോക്ക് "
എത്രയും പെട്ടന്ന് ലീവ് എടുത്തു ചെല്ലണം എന്ന്..
അടുത്ത പണി..
അടിപൊളി...
ഉടൻ ലീവ് ഇല്ലെന്നു പറഞ്ഞാൽ കണ്ടം വഴി അമ്മ ഓടിക്കും.
ലീവ് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു രക്ഷപെട്ടു..
രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ല..
ചെക്കന് ശരിക്കും ഇഷ്ടo ആയി കാണുമോ?
നേരിട്ട് കാണുമ്പോൾ ഇനി എന്നെ വേണ്ടന്ന് പറയുമോ?..
ഞങ്ങളുടെ വീട് ഓക്കേ ഇഷ്ടം ആകുമോ??
മനസ്സിൽ നൂറായിരം സംശയങ്ങൾ.......
എണീറ്റു റൂമിലൂടെ നടക്കാൻ തുടങ്ങി..
ഞാൻ നിരസിച്ചു കളഞ്ഞ ചെക്കന്മാരുടെ ശാപം വല്ലോം വരുമോ.???
ദൈവമെ.... നെഞ്ചിൽ കൈ വച്ചു പോയി..
സൗന്ദര്യം ശരീരത്തിൽ അല്ല. സ്വഭാവത്തിൽ ആണ്. ബുദ്ധി പറയുന്നു..
സ്വഭാവം കാണാൻ പറ്റുമോ? ശരീരം അല്ലേ കാണാൻ പറ്റൂ.. മനസ് പറയുന്നു..
"Beauty is in the eye of the beholder"
എന്തൊരു കഷ്ടമാണ് ദൈവമെ. ഓരോന്ന് ഓർത്തു കിടന്നു ഉറങ്ങിപ്പോയി. അതിന് മുൻപ് ഒരു തീരുമാനം എടുത്തു. അടുത്ത ഞായറാഴ്ച പെണ്ണ് സോറി ചെറുക്കൻ കാണാൻ പോകാം. അന്നാണെണെങ്കിൽ ഓഫ് ആണ് താനും.
തിങ്കളാഴ്ച വൈകുന്നേരം അമ്മ വിളിച്ചു എന്നാണ് വരുന്നത് എന്നു ചോദിച്ചു. ഞായറാഴ്ച എന്നു പറഞ്ഞതും
അവിടെ തുള്ളൽ തുടങ്ങി..
നിന്റെ ഇഷ്ടം എന്നും നടക്കട്ടെ..
ഒരു ഉത്തരവാദിത്തം ഇല്ല..
താഴെ ഒരാൾ ഉള്ളത് അറിയാമോ..
എന്നു കെട്ടാൻ ആണ് പ്ലാൻ.. etc
അവസാനം വെള്ളിയാഴ്ച എത്തണം എന്നു പറഞ്ഞു ഫോൺ വച്ചു. ചെക്കൻ ബാങ്കിൽ ജോലി ആയതു കൊണ്ട് വെള്ളി അവധി ആണത്രേ.
നഹി ന്നു പറഞ്ഞാൽ നഹി.. ഞാൻ തീർത്തു പറഞ്ഞു. എന്നെ കൊണ്ട് വരാൻ പറ്റത്തില്ല.
അവരുടെ ആവശ്യം അനാവശ്യം ആയതു കൊണ്ടും എന്നോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നതു കൊണ്ടും പിന്നീട് ഒരു സംസാരം അതിനെക്കുറിച് വന്നില്ല.
അമ്മ ഇടയ്ക്കു ഇടയ്ക്കു വിളിക്കും
ഒത്തിരി തിന്നല്ലേ എന്നു പറയാന്....
വണ്ണം കുറക്കണം എന്നു പറയാൻ...
മുടി നീണ്ടോ എന്നറിയാൻ...
നിറം വച്ചോ എന്നറിയാൻ..
മുഖക്കുരു ഉണ്ടോ എന്നു ചോദിക്കാൻ..
വരുമ്പോൾ നല്ല ഡ്രസ്സ് എടുത്തിട്ട് വരണേ എന്നു ഓർമിപ്പിക്കാൻ..
ഒരാഴ്ച കൊണ്ട് മുടി നീട്ടുക, വണ്ണം കുറക്കുക, നിറം വയ്ക്കുക ഇതൊന്നും ഒരിക്കലും നടക്കാത്ത കാര്യം ആയത് കൊണ്ട് നമ്മൾ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല..
ആഹാരത്തിന്റ കാര്യത്തിൽ നമ്മളെ കൊണ്ട് ഒരു ഒത്തുതീർപ്പ് സാധ്യമല്ല.അത് കൊണ്ട് തീറ്റ കുറച്ചില്ല...
മുടി -പിന്നെ നമ്മുടെ ആദ്യ പരീക്ഷണങ്ങൾ എല്ലാം തലമുടിയിൽ നിന്നാരുന്നു..
അമ്മയെ സംബന്ധിച്ചിടത്തോളം തലമുടി മുറിക്കുന്നത് തല മുറിക്കുന്നത് പോലെയാണ്. എന്റെ കഷ്ടകാലം.. രണ്ട് മാസം മുന്നാണ് ഞാൻ മുടി ഒന്നു ലയർ കട്ട് ചെയ്തത്. അമ്മ ഒഴികെ എല്ലാരുo നല്ലത് ആണെന്ന് പറഞ്ഞു. (ഈ മുടിയുടെ പിറകിൽ വേറെ ഒരു കഥയുണ്ട്. എന്റെ ചെറുപ്പത്തിൽ എനിക്ക് നിറയെ ചെമ്പിച്ചു നീണ്ട ചുരുണ്ട മുടി ഉണ്ടാരുന്നു. അവൾക്കു മൊട്ട തലയും. അവളുടെ വിളിപ്പേരാരുന്നു" മൊട്ട "എന്നു ഒരു പ്രായം വരെ.അത് അമ്മയ്ക്ക് വല്യ വിഷമം ആയിരുന്നു. ഒരു ദിവസം അകന്ന ബന്ധത്തിൽ പെട്ട ഒരു ആന്റി വന്നു പറഞ്ഞു മുട്ടയുടെ വെള്ള തേച്ചാൽ മുടി വളരും എന്ന്.
പോരാത്തതിന് ഏതോ പരസ്യം കണ്ട് നീലിഭൃംഗാദി എണ്ണയും എന്നെ കൊണ്ട് അമ്മ തേപ്പിക്കുന്നുണ്ട്...
പിറ്റേ ദിവസം തൊട്ട് അതും തേച്ചു തുടങ്ങി.. പിന്നെ ആണ് മനസിലായത് അമ്മ എന്റെ തലയിൽ തേച്ചു പരീക്ഷിച്ചതാണ്. കൊല്ലമെങ്കിൽ അവളുടെ തലയിലും തേക്കാമല്ലോ... എനിക്കു പരീക്ഷണം വൻ വിജയം ആയി തീർന്നു.
അതങ്ങ് കേറി ഏറ്റു..
ഈ കഥാകാരന്മാർ പറയുന്ന നിതംബം മറയ്ക്കുന്ന ചുരുൾ മുടി എനിക്ക് 10 വയസിൽ ഉണ്ടാരുന്നു എന്ന് പറഞ്ഞാൽ.. അമല പോൾ പറയുന്നത് പോലെ
ക്യാൻ യു ബിലീവ് ഇറ്റ്??
പക്ഷെ അവളുടെ കാര്യത്തിൽ അത് വൻ പരാജയം ആയി. മാത്രമല്ല അവൾ ഒന്നു കൂടി മൊട്ട ആയി...
പിന്നീട് എപ്പോഴോ അവൾക്കും ഉണ്ടായി നീണ്ട മുടി.....
അതൊക്കെ ഒരു കാലം..
പിന്നെ പഠിക്കാൻ പോയപ്പോൾ കൂടെ മുടിയും പോയി രണ്ടാൾക്കും.
പക്ഷെ എനിക്ക് പോകുന്ന പോലെ ഇങ്ങു തിരിച്ചു വരും.. അവൾക്കാണ് പണി കിട്ടിയത്
ചുരുക്കി പറഞ്ഞാൽ വീണ്ടും "മൊട്ട "ആയി )
അങ്ങനെ പോകാൻ ഉള്ള ബസ് ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ മുടിഞ്ഞ കാശ്..
എന്ത് ചെയ്യാം.. ആവശ്യക്കാരന് ഔചിത്യം പാടില്ല എന്നല്ലേ..
അങ്ങോട്ടും ഇങ്ങോട്ടും 5000/-രൂപ സ്വാഹ..
* * * * * *
ശനിയാഴ്ച വൈകുന്നേരം പോകാനുള്ള തിരക്ക് തുടങ്ങി.
ഏതു ഡ്രസ്സ് ഇടുമെന്നു ഭയങ്കര കൺഫ്യൂഷൻ
അവസാനം ഒരു പഴയ.. എങ്കിലും എനിക്ക് കംഫോട്ടബ്ൾ ആയ ഒരു ഡ്രസ്സ് എടുത്തു. കൂടെ കുറച്ചു തയ്‌ക്കാൻ ഉള്ള ഡ്രസ്സ് എടുത്തു. അമ്മയെ കൊണ്ട് തയ്യിപ്പിക്കാം.
അങ്കവും കാണാം താളിയും ഒടിക്കാം...
ബസിൽ നാട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ വല്ലാത്ത ഒരു ടെൻഷൻ ഉണ്ടാരുന്നു.
* * * * *
രാവിലെ അമ്മയുടെ കാൾ ആണ് എന്നെ ഉറക്കത്തിൽ നിന്ന് എന്നെ ഉണർത്തിയത്.
"നീ എവിടെ എത്തി? "
"അര മണിക്കൂറിൽ എത്തും "
"വാഹനങ്ങൾ ഒക്കെ ഓടുന്നുണ്ടോ? "
"അതെന്താ അമ്മേ "
"അല്ല സ്‌ട്രൈക് ആണെന്ന് കേട്ടു "
നെഞ്ചിൽ ഒരു വെള്ളിടി വെട്ടി... എന്റെ സിവനെ... അത്തിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞ അവസ്ഥ ആയല്ലോ. ഇനി അവർ വരുമോ ആവോ?
അയ്യോ എന്റെ അയ്യായിരം രൂപ വെള്ളത്തിൽ കൂടി പോകുമല്ലോ...
എന്തൊക്ക ആയിരുന്നു..
മലപ്പുറം കത്തി..അമ്പും വില്ലും.. പവനായി .. ശവമായി..
ഈ ഞായറാഴ്ച ഏതു വിവരം ഇല്ലാത്ത പാർട്ടി ആണോ സ്‌ട്രൈക് വച്ചതു..
ബസ് ഇറങ്ങി ആദ്യം കണ്ട ആളോട്
"ചേട്ടാ ഇന്ന് സ്‌ട്രൈക് ആണോ? വണ്ടി ഒക്കെ ഓടുമോ "?
ചോദിച്ചു കഴിഞ്ഞു ആണ് പുള്ളിയെ ഒന്നു ശരിക്കും നോക്കിയത്
അയ്യോ... പോലീസ്....
ഒരു പറക്കൽ ആരുന്നു. കിട്ടിയ വണ്ടിക്കു വീട്ടിൽ എത്തുമ്പോൾ ദാ അടിപൊളി പെയിന്റ് ഒക്കെ അടിച്ചു വച്ചിരിക്കുന്നു..
വെള്ളയടിച്ച ശവക്കല്ലറ.. ഒന്ന് പിറുപിറുത്തു.
അമ്മയാണ് ആദ്യം പുറത്തു ഇറങ്ങി വന്നത്.
"എടി നിന്റ സൗന്ദര്യം ഒക്കെ പോയല്ലോ "
"കിളവി ആയി "
" വണ്ണം കുറക്കാൻ പറഞ്ഞതല്ലേ "
എന്റെ അപകർഷതാ ബോധത്തിനുമേൽ അമ്മ ആണികൾ അടിച്ചു കൊണ്ടേ ഇരുന്നു.
"യഥാ മാതാ തഥാ പുത്രി "ഒരു ഒന്നൊന്നര ഡയലോഗ് ഞാനും വച്ചു കാച്ചി.
അമ്മയുടെ വളിച്ച ചിരി കണ്ടു പപ്പാ പൊട്ടി ചിരിച്ചു പോയി
"രാവിലെ ഇങ്ങനെ ചൊറിയാമോ അമ്മേ? അതല്ലേ ഞാനും കേറി മാന്തിയത് "
കുളി കഴിഞ്ഞു വന്നു ഒരുങ്ങുമ്പോൾ ആണ് ബ്രോക്കർ ചേച്ചിയുടെ വിളി വരുന്നത് .
സാരി ഉടുക്കണം പോലും. ഹും
പേരിനു പോലും ഒരു സാരി ഇല്ലാത്ത ഈ എന്നോടോ ബാല???
സാരി ഉടുത്താലേ ഉയരം തോന്നിക്കത്തുള്ളൂ എന്ന്..
അമ്മയുടെ ഒരു സാരീ ഉടുക്കാന്നു വയ്ക്കാം ബ്ലൗസ് എവിടെ?? അമ്മ എവിടുന്നോ ഒരു പഴയ എന്റെ ബ്ലൗസ് എടുത്തോണ്ട് വന്നു.
"ഇത് ചേരുവോ അമ്മേ? എനിക്ക് ഇത് പാകമല്ല "
"അതാ പറഞ്ഞത് കുറച്ചു തിന്നണം എന്ന്"
അമ്മ കിട്ടിയ അവസരം പാഴാക്കിയില്ല.
എനിക്ക് വരും സമയം എന്നും പറഞ്ഞു
എങ്ങനെ ഒക്കെയോ സാരി ചുറ്റി.
പണ്ടും അമ്മയുo പപ്പയും എന്നോട് സാരി ഉടുക്കാൻ പറഞ്ഞിട്ട് ഉണ്ട്. അന്നൊക്കെ ഞാൻ വളരെ ഭംഗി ആയിട്ട് അത് തിരസ്കരിക്കുകയും ചെയ്ത്.
ഇപ്പൊ ഈ കടുo കൈ ചെയ്യാൻ മുതിർന്നത് ഈ ചെക്കനെ ഇഷ്ടപെട്ടത് കൊണ്ട് മാത്രം ആണ്...
എന്നെ ഇഷ്ടം ആയില്ല എന്നുപറഞ്ഞു പോകരുതല്ലോ.. നോട് ദാറ്റ് പോയിന്റ്..
സാരീ ഉടുത്തതും... സെൽഫി എടുക്കാൻ തുടങ്ങി.. ചാഞ്ഞും ചരിഞ്ഞും.. പപ്പയും അമ്മയും കൂടി... അമ്മയുടെ ഫോട്ടോ എടുക്കൽ കണ്ടാൽ മതി. തല ഉണ്ടെങ്കിൽ കാലുണ്ടാവില്ല... കാലുണ്ടെങ്കി കൈയുണ്ടാവില്ല... ഓട്ടുമൊത്തത്തിൽ ഒരു വക ഫോട്ടോ എടുത്തു തരും... അമ്മ ആയത് കൊണ്ട് ഒന്നുo പറയാൻ പറ്റില്ല. കൂട്ടുകാർ ആരുന്നേൽ എടുത്ത് പഞ്ഞിക്കിട്ടേനെ...
ഒരു പത്തരയോടെ ചെക്കൻ എത്തി. കൂടെ ചെക്കന്റെ ചേട്ടനും ബ്രോക്കർ ചേച്ചിയും..
ഹാളിൽ ഇരുന്ന് എല്ലാരും കത്തിയോട് കത്തി.
അമ്മ ഇടയ്ക്കു പോയി ഒന്നു കണ്ടിട്ട് വന്നു. സാധാരണ അമ്മയുടെ മുഖഭാവം കണ്ടിട്ടാണ് ചെക്കൻ എങ്ങനെ ഉണ്ടെന്നു ഞാൻ വിലയിരുത്തുന്നത്.
"എങ്ങനെ ഉണ്ടമ്മേ? "ഞാൻ ചോദിച്ചു
"പോയി കാണു "അമ്മ കൂടുതൽ ഒന്നും പറഞ്ഞില്ല.
എന്ത് പറ്റി??. ഇനിപ്പോ നല്ല ചെറുക്കൻ അല്ലേ? ആലോചിച്ചു തീരുന്നതിനു മുൻപ് പപ്പാ വിളിച്ചു.
"മോനെ ചായ കൊണ്ടു വാ "
ആദ്യo ആയിട്ടാണ് ചായ കൊണ്ടു പോകുന്നത്. അല്ലേൽ പപ്പാ ആണ് ചായ കൊണ്ടു പോകാറ്. ഞാനും പിറകെ പോയി കുറ്റിയടിച്ച പോലെ നിൽക്കുന്നു. അത്രേ ഉള്ളു.
ഇതിപ്പോ ചായ വിത് സാരീ (അതും ആദ്യം )
കർത്താവെ മിന്നിച്ചേക്കണേ..
നടന്നിട്ട് ശരിയാകുന്നില്ല.. തീരുന്നില്ല..
അടുക്കളയിൽ നിന്ന് ഹാളിലേക്ക് ഇത്ര ദൂരമോ??
ട്രയിലെ ഗ്ലാസ്സുകൾ തമ്മിൽ കൂട്ടി മുട്ടുന്നു..
ആഹാ എന്ത് രസം..
ചായ കൊടുക്കുമ്പോ ചെക്കന്റെ മുഖത്തേക്ക് ഒന്നു നോക്കി
എത്ര കിളികൾ പറന്നു പോയി എന്നെനിക്കറിയില്ല..
ചിരിക്കണോ കരയണോ എന്ന അവസ്ഥ ആയി..
ഫോട്ടോഗ്രാഫറെ മാത്രമല്ല അയാളുടെ മൊത്തം കുടുംബത്തെയും സ്മരിച്ചു പോയി.
ബ്ലഡി ഗ്രാമവാസീസ്...
ഫോട്ടോയിൽ കണ്ടതിന്റെ നേരെ ഓപ്പോസിറ്റ്
പൊക്കം ഇല്ല... വണ്ണം ഇല്ല.. നിറം ഇല്ല... ആകെ മൊത്തത്തിൽ ഒരു ശിശു...
ഞാനോ സാരിയിൽ ഒരു ഓൾഡ് ലുക്ക്...
തൃപ്തിയായി......
ആരാ പറഞ്ഞത് സാരി ഉടുക്കാൻ??
എനിക്ക് പൊക്കം തോന്നില്ലാന്ന്....
ഒരു വക ബല്ലാത്ത പണി ആയി പോയി..
പതിയെ തിരിഞ്ഞു അമ്മയെ ഒന്നു നോക്കി.
അമ്മ സാരമില്ല എന്ന് കണ്ണടച്ചു കാണിച്ചു.
അപ്പൊ എല്ലാം തീരുമാനം ആയി....
അമ്മ ഡിസിഷൻ ഡിക്ലയർ ചെയ്തു...
നോ..................
പ്യാവം ഞാൻ..
എന്തോ പോയ അണ്ണാൻ പോലെ നിൽപ്പാണ്.
ചെക്കന്റെ ചേട്ടൻ ആണെന്ന് തോന്നുന്നു...
തൊണ്ട ശരിയാക്കുന്നു ....
ഷർട്ട് കൈ കയറ്റി വയ്ക്കുന്നു..
എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നു...
എങ്ങും നിശബ്ദത...... അതാ അയാൾ ഒരു ചോദ്യം.. രണ്ടു ചോദ്യം... മൂന്നു ചോദ്യം..... ചറ പറ ചോദ്യങ്ങൾ ചോദിക്കുന്നു....
ഞാൻ നിന്ന് വിയർക്കുന്നു... എന്തൊക്കെയോ പിച്ചും പേയും പറയുന്നു...
മുന്താണി കെട്ടൂന്നു... അഴിക്കുന്നു...
എന്തൊക്കെയോ നടക്കുന്നു....
ലേലു അല്ലു.. ലേലു അല്ലൂ ... എന്നെ പോകാൻ അനുവദിക്കൂ.. വിടൂ... ഞാൻ നിശബ്ദമായി പറഞ്ഞു
"ഇനി ചെക്കനും പെണ്ണിനും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം." പപ്പാ ആണ്...
തീർന്നില്ലേ... ദൈവമെ...
കേട്ട പാതി കേൾക്കാത്ത പാതി ചെക്കൻ മെല്ലെ എണീറ്റു പുറത്തേക്കു നടന്നു. ഞാനും പിറകെ നടന്നു...
"നാട്ടുകാർ അറിയണ്ട "
ചെക്കൻ തിരിച്ചു ഹാളിൽ വന്നു... ഞാനും പിറകെ വന്നു..
ഇയാൾ എന്താ ഈ കാണിച്ചു കൂട്ടുന്നെ..
എന്റെ വീട് തന്നെ ചുറ്റും
കാണിച്ചു തരുവാ...
ചെക്കൻ ഓടി ഏതോ ഒരു മുറിയിൽ കയറി...
എന്റെ വീട്.... എന്റെ മുറി.. ഞാൻ ആദ്യം അല്ലേ പോകേണ്ടത്... എനിക്കു അല്ലെ അറിയാവുന്നത്..
ഇതിപ്പോൾ ചെക്കൻ ആണ് എന്നെ കൊണ്ടു പോകുന്നത്.
വിടമാട്ടേൻ...
റൂമിൽ കയറിയ ചെക്കൻ ദിക്ക് അറിയാതെ അങ്ങോട്ട് ഇങ്ങോട്ട് തിരിഞ്ഞു കളിക്കുന്നു..
ഞാൻ പെട്ടന്ന് ലൈറ്റ് ഓൺ ചെയ്തു..
ഇച്ചിരി വെളിച്ചം കൂടുതൽ കണ്ടോട്ടെ..
"ഇരിക്കൂ " ചെക്കൻ സോഫ ചൂണ്ടി പറഞ്ഞു..
ങേ.... എന്നോടോ??
ഞാൻ അല്ലേ അങ്ങോട്ട് പറയേണ്ടത്...
"സാരമില്ല... ഞാൻ നിന്നോളാം " ഞാൻ നമ്ര ശിരസ്ക ആയി...
"എന്താ പേര് "
ഇതിപ്പോ അഞ്ചാമത്തെ തവണ ആണ് പേര് തന്നെ ചോദിക്കുന്നത്....
വേറെ എന്തൊക്ക ചോദിക്കാൻ ഉണ്ട്??
പേടിച്ചു പോയി എന്ന് തോന്നുന്നു..
ചോദിക്കാൻ വന്നതൊക്കെ മറന്ന് പോയാരിക്കും...
ഒരു പഞ്ച പാവം.. പുള്ളി മനസ് തുറന്നു സംസാരിക്കാൻ തുടങ്ങി....
എന്താ ഇത്ര പറയാൻ.... എനിക്കു അറിഞ്ഞു കൂടാ..
അവിടെ ഹാളിൽ പപ്പയും ചെക്കന്റെ ചേട്ടനും ചളി വാരി എറിഞ്ഞു.... കത്തി അടിച്ചു മരിക്കുന്നു...
ഇവിടെ നമ്മളും കത്തി...
കത്തിയോ... കത്തി...
"എപ്പോ പുള്ളെ പോക പോറേൻ "
മനസ്സിൽ ഏതോ ഒരു തമിഴ് പാട്ടു ഓടിക്കൊണ്ടിരിക്കുന്നു...ഞാൻ ചെക്കനെ മൊത്തത്തിൽ ഒന്നു സ്കാൻ ചെയ്തു..
ഒരു പൊടി ചെക്കൻ...
പുല്ല്.. സാരി ഉടുക്കണ്ടാരുന്നു...
ഇതിപ്പോ ഞാൻ വലിപ്പം കൂടുതൽ തോന്നിക്കുന്നു....
ഇതിപ്പോ കല്യാണം കഴിഞ്ഞാൽ... ഔട്ട് ഡോർ ഷൂട്ട് ചെയ്യുമ്പോൾ പുള്ളിയെ ഞാൻ എടുത്തു പൊക്കി കറക്കുന്ന സീൻ ചെയ്യേണ്ടി വരും.....
എനിക്ക് ചിരി വന്നു......
പുള്ളി ഭയങ്കര സീരിയസ് ആയി ഫാമിലി, ജോലി, എല്ലാം സംസാരിച്ചു കൊണ്ടിരിക്കുന്നു...
ഞാൻ അപ്പോൾ ഫോട്ടോയിൽ കണ്ടതും നേരിട്ട് കാണുന്നതും തമ്മിൽ താരതമ്യം ചെയ്യുവാരുന്നു....
എന്തൊരു അന്തരം.....
ഫോട്ടോ ഗ്രാഫർ പോളിയാണ് കേട്ടോ...
മിണ്ടാതെ അയാളെ അങ്ങ് കെട്ടിയാലോ.. ഒന്നുമില്ലേലും ഫേസ്ബുക്, ഇൻസ്റ്റഗ്രം തുടങ്ങിയവയിൽ നല്ല അടിപൊളി ഫോട്ടോ ഇടാലോ....
"എന്തേലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിച്ചോളൂ കേട്ടോ"
"ങേ " ഞാൻ തലയാട്ടി....
ഫോട്ടോ ഗ്രാഫർ കെട്ടിയതോണോ എന്ന് ചോദിച്ചാലോ??? വേണ്ട... വെറുതെ പണി വാങ്ങിച്ചു കൂട്ടണ്ട
"ഞാൻ ഒരുപാട് സംസാരിക്കുന്ന ആൾ ആണ്"....
ഞാനും അങ്ങനെ തന്നെ എന്ന് പറയണം എന്നുണ്ടായിരുന്നു.....
നമ്മൾ ഒക്കെ വാ തുറന്നാൽ പിന്നെ അടക്കാറില്ല....
പറയുന്നതോ മൊത്തം ഊളത്തരവും....
വെറുതെ എന്തിനാ ഉള്ള ഇമേജ് കളയുന്നെ...
ഞാൻ വെറുതെ നിന്ന് തലയാട്ടി.....
പിന്നെ ഈ ചെക്കനെ അമ്മക്ക് ബോധിച്ചില്ല എന്ന് എനിക്ക് മനസിലായില്ല... വേറൊന്നും കൊണ്ടല്ല.. അമ്മയുടെ കാഴ്ചപ്പാടിൽ എനിക്കു കുറച്ചു ഉയരവും വണ്ണവും ഒക്കെ ഉള്ള ആൾ വേണം...
വെറുതെ എന്തിനാ കുറെ സംസാരിച്ചു ആശ കൊടുക്കുന്നത്...
ആന കൊടുത്താലും ആശ കൊടുക്കരുത് എന്നല്ലേ....
പുള്ളി ഇടയ്ക്കു ഇടയ്ക്കു എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്...
അപ്പോഴൊക്കെ ഞാനും താല്പര്യം ഉള്ള പോലെ നിന്ന് ശ്രദ്ധിക്കും..
പുള്ളിയെ വിഷമിപ്പിക്കരുതല്ലോ....
മുക്കിയും മൂളിയും ഓരോന്ന് പറഞ്ഞു ഞാൻ...
എന്തേലും ചോദിച്ചില്ലേ സംശയം വന്നാലോ എന്നോർത്തു ഞാൻ എന്തൊക്കെയോ ചോദിച്ചു.
അവസാനം സംസാരത്തിന് തിരശീല വീഴ്ത്തി കൊണ്ടു സൈറൺ മുഴങ്ങി..
ബ്രോക്കർ ചേച്ചിടെ ശബ്ദത്തിൽ ആണെന്ന് മാത്രം...
വീട്ടിൽ ചെന്ന് ആലോചിച്ചു പറയാം എന്ന് പറഞ്ഞു അവർ പോയി...
അവർ ഇറങ്ങിയതും ഞാൻ ഒരു പറക്കൽ
ആരുന്നു...
സാരി ഒക്കെ പോയ വഴി കണ്ടില്ല...
എന്തൊരു വിമ്മിഷ്ടം....... കുറേ നേരം ആയി ശ്വാസം മുട്ടി നിൽക്കാൻ തുടങ്ങിയിട്ട്...
ഒന്നും ചോദിക്കാനും പറയാനും നിന്നില്ല....
ഒരു ഭാരം ഒഴിഞ്ഞു പോയ സുഖത്തിൽ നീണ്ടു നിവർന്നു കിടന്നു ഉറങ്ങി.....
എന്ത് രസം.... എന്ത് സുഖം.....
********
"മോനെ .. എഴുന്നേക്ക്..ചോറുണ്ണാം... "അമ്മ യാണ്.
വിശക്കുന്നില്ല എന്ന് പറഞ്ഞു തിരിഞ്ഞു കിടന്നു.....
"മോനെ "വീണ്ടും അമ്മ..
"എന്താ"
"എന്താ അവരോടു പറയേണ്ടത് "
"എന്ത് പറയാൻ "
"ചെക്കൻ തീരെ പൊടിയാ..
നീ ഒന്നു പ്രസവിച്ചു കഴിയുമ്പോൾ വീണ്ടുo വണ്ണം വയ്ക്കും "
ഓ ഇവിടെ മനുഷ്യൻ ചെക്കൻ കണ്ടതെ ഉള്ളു...
അപ്പോഴേക്കും ഒരാൾ അവിടെ പ്രസവം വരെ എത്തി..
പിന്നെങ്ങനെ കല്യാണം നടക്കും..
"അവർ നിന്റെ സാരി ഉടുത്ത ഫോട്ടോ ചോദിച്ചു. വീട്ടിൽ കാണിക്കാൻ.. ഞാൻ പറഞ്ഞു സാരീ ഉടുത്ത ഫോട്ടോ ഒന്നും എടുത്തില്ല എന്ന് "
ഞാൻ അന്തം വിട്ടു പോയി.
ഗാലറി നിറയെ ഒരു പത്തിരുപതു ഫോട്ടോ കാണും... എന്നിട്ടും ഇല്ല...
"ഇത് വേണ്ട അല്ലെ മോനെ "
"മ്മ് "....ഞാൻ ആയിട്ട് വേണ്ട എന്ന് പറഞ്ഞാൽ ഇവിടെ ഭൂകമ്പം നടക്കും...
അവർ ആയിട്ട് പറയുന്നതല്ലേ...
ആയിക്കോട്ടെ.....
"കണ്ടിട്ട് ഒരു പാവം ചെക്കൻ ആണെന്ന് തോന്നുന്നു അല്ലേ"
കൊള്ളാം... ഒരേ വായിൽ തന്നെ വേണം എന്നും വേണ്ട എന്നും...
എങ്ങനെ പറ്റുന്നോ ആവോ??
പപ്പക്ക് അങ്ങനെ അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ല...
എന്റെ ആണ് അവസാന തീരുമാനം ...
ഞാൻ ആണ് ജീവിക്കുന്നത്....
എനിക്ക് മനസിന് ഇണങ്ങിയ ആളെ ആണ് ഞാൻ ജീവിത പങ്കാളി ആക്കേണ്ടത് എന്നാണ് പപ്പാ പറയുന്നത്...
പപ്പയെ സംബന്ധിച്ചിടത്തോളം 'കൂടുമ്പോൾ
ഇമ്പം ഉള്ളതാണ് കുടുംബം '
"ഈ ചായ കുടിച്ചോ "ഒരു ഗ്ലാസ് കട്ടൻ കാപ്പിയും ഒരു വലിയ കഷ്ണം കേക്ക് എടുത്തു അമ്മ മുന്നിൽ..
"കുറച്ചു തിന്ന് ".......
വലിയ ഒരു കഷ്ണം കൊണ്ടു വന്നു തന്നതും പോരാ കുറച്ചു തിന്നാനും
ചാൻസ് ഇല്ലേ... ഇല്ല...
"കല്യാണം കഴിയുന്ന അന്ന് ആദ്യ രാത്രി കെട്ടിയോന്റെ മുഖം അടച്ചു ഒന്നു കൊടുത്തിട്ട് ചോദിക്കും... എവിടര്ന്നെടോ ഇത്രേം നാളും "
എന്നു പറഞ്ഞു ചിരി തുടങ്ങി ഞാൻ
"നിനക്ക് ആയിരിക്കും ആദ്യ അടി . നീയെവിടാരുന്നു എന്നും ചോദിച്ചു "
അമ്മ ആഞ്ഞു കൌണ്ടർ അടിച്ചു..
തീർന്നു....
അപ്പൊ വലിയ പ്രതീക്ഷയോടെ......
പുതിയ ഒന്നിലേക്ക് നോക്കി.....
ഞാൻ അവിടെ നിന്നും തിരിച്ചു ബസ് കയറി
പട്ടി ചന്തക്ക് പോയ പോലെ ആയി.... എന്റെ അവസ്ഥ......
അങ്ങനെ ഞാൻ നല്ല ഒന്നാന്തരം ശശി ആയി...
അതോടെ ഞാൻ തീരുമാനിച്ചു...
കണ്ട്രോൾ.... കണ്ട്രോൾ.... ഫുഡ്
വെറുതെ....
അടുത്ത പെണ്ണ് കാണൽ വരെ ഒരു സലാം പറഞ്ഞു ഞാൻ വീണ്ടും എന്റെ ജോലി തിരക്കുകളിലേക്ക് ഊളി ഇട്ടു....
എന്റെ വാരിയെല്ലേ..... എവിടാ....
ആം... കട്ട.... വെയ്റ്റിംഗ്.......
No comments:
Post a Comment