Pranayam
Pranayam Malayalam Love Story
സ്കൂളിൽ നിന്നു ടൂർ പോകുന്ന കാര്യം അറിഞ്ഞല്ലോ? നമ്മുടെ ക്ലാസ്സിൽ നിന്നു പോവാൻ താത്പര്യമുള്ളവര് ഒന്നു കൈപൊക്കിക്കെ?
ടീച്ചർ പറഞ്ഞപ്പോൾ ഭൂരിഭാഗം പേരും കൈപൊക്കി. ഞാൻ അനങ്ങാതെ ഇരിക്കുന്നത് കണ്ടപ്പോൾ രാഗേഷ് ആണ് എന്റെ കയ്യും കൂടെ പിടിച്ചു പൊക്കിയത്.
" അടുത്ത ദിവസം വരുമ്പോൾ താല്പര്യമുള്ളവർ മുന്നൂറ്റിഅൻപതു രൂപകൊണ്ടുവരണം."
അതു കേട്ടപ്പോൾ പൊങ്ങിയ കൈ അറിയാതെ താണുപോയിരുന്നു. എന്റെ കൈ താഴുന്നത് കണ്ടു അവളുടെ മുഖം വാടുന്നത് ഞാൻ കാണാത്തപോലെ ഇരുന്നു.
ചിലപ്പോഴൊക്കെ ഒറ്റപെടുന്നത് ഇങ്ങനെയാണ്.
തുരുമ്പുപിടിച്ച ചേച്ചിയുടെ ഇൻസ്ട്രുമെന്റ് ബോക്സ് കൂട്ടുകാരുടെ മുൻപിൽ വെച്ചു പുറത്തെടുക്കുമ്പോൾ മനസൊന്നു നീറിയിരുന്നു.
ചിലപ്പോഴൊക്കെ ചിലസ്നേഹ പരിഹാസങ്ങളും ഉള്ളുപൊള്ളിച്ചിരുന്നു.
അമ്മയോട് പറഞ്ഞപ്പോൾ. ഉള്ളതുകൊണ്ടൊക്കെ പടിക്കെടാ എന്നു പറഞ്ഞു. എനിക്കു വേണ്ട ഈ തകരപ്പാട്ട എന്നു പറഞ്ഞപ്പോൾ അമ്മയുടെ മുഖം താണുപോയിരുന്നു.
ഒരൂസം പണികഴിഞ്ഞു വന്നപ്പോൾ. ഒരു പുതിയ ബോക്സ് എനിക്കു വാങ്ങി തന്നിരുന്നു അമ്മ.
എന്നെകൊണ്ടു ഇതൊക്കെയേ പറ്റു ശ്രീകുട്ടാ എന്നു പറയുമ്പോൾ ആ കണ്ണിൽ നനവ് പടരുന്നത് കണ്ടിരുന്നു.
മനസ്സിൽ സ്വപ്നം കണ്ടപോലല്ലെങ്കിലും ഞാനതു വാങ്ങി നെഞ്ചോടു ചേർത്തു.
അമ്മയുടെ മുഖത്തു ചിരികണ്ടു.
ഉള്ളത്കൊണ്ടു ജീവിക്കണം എന്നു അമ്മ പറയാതെ പറഞ്ഞതാവാം ചിലപ്പോൾ.
അതിനുശേഷം ആഗ്രഹങ്ങളെല്ലാം മനസിന്റെ ആരും കാണാത്തിടത്തു ഒളിക്കാൻ പഠിച്ചത്.
വലുതായി എഴുതിയ അക്ഷരങ്ങൾ ചെറുതാക്കി എഴുതി നോട്ട് ബുക്ക് ലാഭിക്കാൻ തുടങ്ങിയത്. ഉണ്ടായിരുന്ന റെയ്നോൾഡ്സ് പേനയിൽ അൻപതു പൈസയുടെ റീഫിൽ വാങ്ങി ഈർക്കിലി കുത്തി സൂത്രപ്പണിയൊപ്പിച്ചു എഴുതാൻ തുടങ്ങിയത്. ബാക്കി വരുന്നചില്ലറ പൈസകൾ മിട്ടായികടയിലേക്ക് പോവാതിരുന്നതും.
അതൊക്കെ ഓർമ്മവന്നപ്പോഴാണ് ടൂർ എന്ന ആഗ്രഹത്തിന് മുന്നിലും കൈ താന്നുപോയത്.
അതെ ആഗ്രഹങ്ങൾക്കൊണ്ടു അമ്മയൊരിക്കലും വേദനിക്കരുത് എന്നുണ്ടായിരുന്നു.
സ്കൂൾ വിട്ടുവരുമ്പോൾ അമ്മു ചോദിച്ചതാണ്.. നീ എന്താ ടൂർ വരാത്തത് നീയില്ലാതെ പോവാൻ ഒരു സുഖമുണ്ടാവില്ല എന്നു.
അമ്മ വിടില്ല അല്ലേ? അമ്മയോട് എന്റെ അമ്മയെകൊണ്ടു പറയിപ്പിക്കട്ടെ? അപ്പൊ വിട്ടാലോ?
അമ്മ വിടാത്തത്കൊണ്ടൊന്നുമല്ല അമ്മു. എനിക്കു തണുപ്പ് പറ്റില്ല. ഊട്ടിയിലൊക്കെ
ഭയങ്കര തണുപ്പാണ്. വല്ലപനിയും വന്നാലേ അമ്മക്കൊല്ലും എന്നെ. അതുകൊണ്ടാ ഞാൻ പോവാത്തത്.
കല്ല് വെച്ച നുണ ആയതുകൊണ്ട് അവളുടെ മുഖത്തുനോക്കാതെ തന്നെയാണ് പറഞ്ഞതും.
അവളൊന്നു മൂളുക മാത്രം ചെയ്തു.
പിറ്റേദിവസം ക്ലാസ്സിലേക്ക് വരുമ്പോൾ ഒരു പൊതി തന്നിട്ട്അവളു പറഞ്ഞു പറഞ്ഞു കുടുക്ക പൊട്ടിച്ചതാ.വിഷു കൈനീട്ടം കിട്ടിയതും അച്ഛൻ തരുന്നതും എല്ലാം ഉണ്ട് ഇതിൽ ഇതുണ്ടായാൽ ചിലപ്പോൾ നിനക്കു ഊട്ടിയിലെ തണുപ്പടിച്ചു പനിപിടിക്കില്ലഎന്നു തോന്നി.
നിഷ്കളങ്കമായ സ്നേഹമാണ് വെച്ചു നീട്ടുന്നത് . പക്ഷെ തോന്നിയില്ല വാങ്ങാൻ ഒരുപക്ഷെ നമ്മുടെ കുറവുകൾ മറ്റുള്ളവരെ അറിയക്കരുതെന്ന അമ്മയുടെ സ്വഭാവം പകർന്നുകിട്ടിയതാകാം.
ആ തീരുമാനത്തിൽ കണ്ണീരിന്റെ നനവ് പടർന്നെങ്കിലും. മനസിന്റെ ശരികൾ അതായിരുന്നു.
കാലങ്ങൾ കടന്നുപോയിരിക്കുന്നു. കഷ്ടപ്പാടുകൾ അധ്വാനം കൊണ്ടു മാഞ്ഞുപോയിരിക്കുന്നു.
സ്വപനങ്ങളെല്ലാം കൈക്കുള്ളിൽ ഒതുങ്ങിപോയിരിക്കുന്നു.
എന്നും ഒരുപോലല്ല ജീവിതം. ചിലപ്പോൾ ഇരുട്ടറയിൽ ഒറ്റപെട്ടുപോകും. ചിലപ്പോൾ രത്നങ്ങൾ പതിച്ച കൊട്ടാരത്തിൽ കൊണ്ടുചെന്നെത്തിക്കും.
ജീവിതം ഇപ്പോൾ സമ്പന്നമാണ്. അമ്മയുടെ കരുതൽ ജീവിതത്തിന്റെ വിജയമാണ്.. അതിനെ നെഞ്ചോടു ചേർത്തു വെക്കുന്നു.
മഞ്ഞു പെയ്യുന്നുണ്ട്. ചൂടുള്ള ഒരു കട്ടൻ കാപ്പി ഊതി കുടിച്ചുകൊണ്ട് പഴയ കാലത്തിലേക്ക് എത്തി നോക്കുമ്പോൾ..
കുടുക്ക പൊട്ടിച്ചവളെ വലതു കൈകൊണ്ടു ചേർത്തു പിടിച്ചു. അവളുടെ കൈകൊണ്ടു ഇട്ട കട്ടൻകാപ്പി ഊതി കുടിക്കുമ്പോൾ . അവൾ ചോദിച്ചു.
ഊട്ടിയിലെ തണുപ്പിൽ ഇപ്പോൾ നിനക്കു പണിക്കുന്നുണ്ടോ ശ്രീ?
നിറഞ്ഞ മിഴികളിലാൽ.. അവളുടെ സീമന്തരേഖയിൽ ചുംബിക്കുമ്പോൾ.. കാലം തെളിയിക്കുകയായിരുന്നു.
സ്നേഹം അവഗണിച്ചത് ഇഷ്ടക്കേടുകൊണ്ടല്ല മറിച്ചു. കയ്പുനിറഞ്ഞ ജീവിത സാഹചര്യം കൊണ്ടായിരുന്നുവെന്ന്.
ആത്മാർത്ഥ സ്നേഹം ശിലകളിൽ കൊത്തിവെച്ചപോലെ കാലങ്ങൾ മായ്ക്കാതെ നിലനിൽക്കപെടുമെന്നു.
അതിനെ ഞാൻ പേരിട്ടു വിളിച്ചോട്ടെ പ്രണയമെന്നു?
സ്നേഹപൂർവം
ശ്രീജിത്ത് ആനന്ദ്
തൃശ്ശിവപേരൂർ
No comments:
Post a Comment